ആഗസ്റ്റിൽ ദക്ഷിണാഫ്രിക്കൻ പര്യടനം
നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് ടീം
ഐ.പി.എൽ മൺസൂണിന് ശേഷം
ആകാമെന്ന്
മുംബയ് : കൊവിഡിൽ കുരുങ്ങിയ അന്താരാഷ്ട്ര മത്സരങ്ങൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള അന്തിമഘട്ട ചർച്ചയിൽ ബി.സി.സി.ഐ ആഗസ്റ്റ് മാസത്തിൽ ദക്ഷിണാഫ്രിക്കയിലേക്ക് മൂന്ന് ട്വന്റി 20 കളുടെ പര്യടനം നടത്താനുള്ള ക്ഷണത്തിന് ബി.സി.സി.ഐ സമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ സർക്കാർ അനുമതി കൂടിലഭിച്ച ശേഷമേ ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ.
അതേസമയം അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചിരിക്കുന്ന ഐ.പി.എൽ മൺസൂണിന് ശേഷം ഒക്ടോബർ നവംബർ മാസങ്ങളിൽ നടത്താനാണ് ആലോചിക്കുന്നത്. നേരത്തെ ജൂലായിൽ ശ്രീലങ്കയിലേക്ക് ഇന്ത്യൻ ടീം പര്യടനം നടത്തുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മാർച്ചിൽ ഇന്ത്യൻ പര്യടനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന ദക്ഷിണാഫ്രിക്കയുമായൊരു പരമ്പര എന്നതിന് കൂടുതൽ പ്രാധാന്യം ലഭിക്കുകയായിരുന്നു.
ബി.സി.സി.ഐ റിട്ടേൺ പ്ളാൻ
ആഗസ്റ്റ് അവസാനത്തോടെ ദക്ഷിണാഫ്രിക്കയിലേക്ക് മൂന്ന് ട്വന്റി 20 കളുടെ പര്യടനം നടത്തുക.
പര്യടനത്തിന് മുമ്പ് കളിക്കാരെയെല്ലാം ഗ്രീൻ സോണിലേക്ക് മാറ്റി ക്വാറന്റൈനിൽ പാർപ്പിക്കും.
ദക്ഷിണാഫ്രിക്കയിൽ എത്തിയാലും നിശ്ചിത ദിവസം ക്വാറന്റൈനിൽ കഴിയും.
ഒക്ടോബർ നവംബർ മാസങ്ങളിലെ ട്വന്റി 20 ലോകകപ്പ് മാറ്റിവയ്ക്കുകയാണെങ്കിൽ ആ സമയത്ത് ഐ.പി.എൽ നടത്തുക.
അപ്പോഴേക്കും ഇന്ത്യയിൽ മൺസൂൺ കാലവും അവസാനിക്കും.
വലിയ വെല്ലുവിളി
വിദേശ പര്യടനം നടത്തുന്നതിനേക്കാൾ ബി.സി.സി.ഐക്ക് മുന്നിലുള്ള വലിയ വെല്ലുവിളി ഇൗ സീസണിലെ ആഭ്യന്തര മത്സരങ്ങൾ നടത്തുന്നതാണ്.
അടുത്ത ഒക്ടോബർ മുതൽ മേയ് വരെ നീളുന്ന സീസണിൽ വിവിധ ഏജ് ഗ്രൂപ്പ് കാറ്റഗറികളിലായി 2000 ത്തോളം മത്സരങ്ങളാണ് നടത്തേണ്ടത്. ഒാരോ ടീമുകൾക്കും മത്സരത്തിനായി 50 കിലോമീറ്റർ മുതൽ 7000 കിലോമീറ്റർ വരെ സഞ്ചരിക്കേണ്ടിവരും. മാർച്ചുമുതൽ എല്ലാ മത്സരങ്ങളും നിറുത്തി വച്ചിരിക്കുകയാണ് ബി.സി.സി.ഐ.