thachankari
ടോമിൻ തച്ചങ്കരി

തിരുവനന്തപുരം: തിരുവല്ല പാലിയേക്കര ബസേലിയൻ കോൺവെന്റിലെ വിദ്യാർത്ഥിനി ദിവ്യ പി. ജോണിന്റെ മരണം സംബന്ധിച്ച് ഐ.ജി നൽകിയ റിപ്പോർട്ട് ക്രൈബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി മടക്കി നൽകി. മരണം സംബന്ധിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയിൽ കഴമ്പില്ലെന്നും മേൽ നടപടികൾ ആവശ്യമില്ലെന്നുമാണ് എറണാകുളം റേഞ്ച് ഐ.ജി റിപ്പോർട്ട് നൽകിയത്. ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടാണ്‌ മടക്കിയത്.

മേയ് ഏഴിനാണ് ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി. ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണ​റ്റിൽ മരിച്ച നലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ പൊലീസ് മേധാവിക്ക്‌ പരാതി നൽകിയിരുന്നു. തുടർന്നാണ് എറാണാകുളം ഐ.ജി അന്വേഷിച്ചത്. നിലവിൽ കേസ് അന്വേഷിക്കുന്ന തിരുവല്ല സർക്കിൾ ഇൻസ്‌പെക്ടർ വിനോദ് ശരിയായ ദിശയിൽ തന്നെയാണ് അന്വേഷണം നടത്തുന്നതെന്നും ദിവ്യയുടെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ പുറത്തുകൊണ്ടുവരാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആത്മഹത്യയ്ക്ക് കാരണക്കാരായി ആരെയെങ്കിലും കണ്ടെത്തിയാൽ അപ്പോൾ അനുയോജ്യമായ നിയമനടപടികൾ സ്വീകരിക്കാനാകുമെന്നും റിപ്പോർട്ടിലുണ്ട്.വ്യക്തത വരുത്തിയ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡയറക്ടർക്ക്‌ ലഭിച്ചാലുടൻ സംസ്ഥാന പൊലീസ് മേധാവിക്ക്‌ കൈമാറും.