രണ്ടുവർഷം അകലെയാണെങ്കിലും തങ്ങൾ ആതിഥ്യം വഹിക്കുന്ന ഫുട്ബാൾ ലോകകപ്പിന് കാണികൾ എത്തുമോ എന്ന കാര്യത്തിൽ ഖത്തർ ഫുട്ബാൾ അസോസിയേഷന് സംശയം. ലോകത്ത് പലയിടത്തും ഫുട്ബാൾ പുനരാരംഭിച്ചെങ്കിലും കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ അടുത്തകാലത്തൊന്നും അനുകൂല തീരുമാനമുണ്ടാകാൻ സാദ്ധ്യതയില്ല. മാത്രവുമല്ല കൊവിഡ് മിക്ക രാജ്യങ്ങളിലെയും ജനങ്ങളുടെ സാമ്പത്തിക ഭദ്രതയും തകർത്തുകളഞ്ഞു. കാശില്ലാതെ എങ്ങനെ കളി കാണാൻ കടൽകടന്ന് ആളുകൾക്ക് എത്താൻ കഴിയും എന്നാണ് ഖത്തറിനെ കുഴപ്പിക്കുന്നത്.
ലോകകപ്പിനുള്ള വേദികളൊക്കെ ഏറക്കുറെ തയ്യാറായിക്കഴിഞ്ഞു. എട്ട് സ്റ്റേഡിയങ്ങളിൽ ആറെണ്ണവും ഇൗവർഷത്തിനകം പൂർത്തിയാകും.
2022 നവംബർ ഡിസംബർ മാസങ്ങളിലായാണ് ഖത്തർ ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ഫുട്ബാൾ കാണികളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സംഘാടകർ തയ്യാറായേക്കും.
സന്ദർശക വിസയുടെ ഫീസിൽ ഇളവ് വരുത്താൻ സർക്കാരും തയ്യാറാകും.
ടൂർണമെന്റിന്റെ ഒൗദ്യോഗിക സ്പോൺസർമാരായ ഖത്തർ എയർ വേയ്സ് വിമാന നിരക്കിൽ ഇളവ് വരുത്തിയേക്കും.