ചാലക്കുടി: അഷ്ടമിച്ചിറ ഗുരുതിപ്പാലയിൽ മോഡലിംഗ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയും മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ ഒരു യുവതിയെ കൂടി പിടികൂടി. ആന്ധ്ര സ്വദേശിയും കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ച് യുവതികളെയും മറ്റും ചതിയിൽപ്പെടുത്തുന്ന പെൺ വാണിഭസംഘത്തിലെ അംഗവുമായ പ്രഭാവതി എന്ന ലക്ഷ്മിയാണ് പിടിയിലായത്. തൃശൂർ റൂറൽ ഡി.സി.ആർ ഡിവൈ.എസ്.പി പ്രദീപ് കുമാർ, ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. നേരത്തെ പിടിയിലായ ചാലക്കുടി കൂടപ്പുഴ സ്വദേശി വഴിയാണ് പെൺകുട്ടി ഇവരുടെ കെണിയിൽപ്പെടുന്നത്. പിന്നീട് വാട്‌സ് ആപ്പ് പോലുള്ളവ വഴി പെൺകുട്ടിയുടെ ചിത്രങ്ങൾ ഈ സംഘം പലർക്കുമയച്ചു. സുഷി എന്നയാൾ വഴിയാണ് പെൺവാണിഭ സംഘത്തിലെ ലക്ഷ്മി പീഡനത്തിനിരയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 22 ആയി. എസ്.ഐ പി.ഡി അനിൽകുമാർ, എ.എസ്.ഐമാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, സീനിയർ സി.പി.ഒമാരായ വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ്, മാള സ്റ്റേഷനിലെ എ.എസ്.ഐ തോമസ്, വനിതാ സീനിയർ സി.പി.ഒ ഷീബ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.