വെമ്പായം: ലോക്ക് ഡൗൺ ഇളവുകൾ ഭൂരിഭാഗം മേഖലകൾക്കും ലഭിച്ചപ്പോഴും ഇളവുകൾ ഒന്നും ലഭിക്കാതെ കൊവിഡിനെ പഴിച്ച് കഴിയുകയാണ് ഹോട്ടൽ ഉടമകളും തൊഴിലാളികളും. ഹോട്ടലുകൾ അടച്ചിട്ട് രണ്ടു മാസത്തോളം ആകുന്നു. പാചകം അല്ലാതെ മറ്റ് തൊഴിലുകൾ ഒന്നും അറിയാത്ത പാചക തൊഴിലാളികളും, ലക്ഷങ്ങൾ ലോൺ എടുത്തും കടം വാങ്ങിയും ഹോട്ടൽ നടത്തിയ ഉടമകളും ഇപ്പോൾ ആകെ പ്രതിസന്ധിയിലാണ്. കട വാടകയും, കറന്റു വാടകയും ഉൾപ്പെടെ നൽകാൻ കടം വാങ്ങേണ്ട ഗതികേടിലാണ് പല ഹോട്ടൽ ഉടമകളും. ഇത്രയും നാൾ പ്രവർത്തിക്കാതിരുന്നതിനാൽ ഗ്യാസ് അടുപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇനി പ്രവർത്തിക്കുമോ എന്ന ആശങ്കയുമുണ്ട്. ജീവനക്കാരിൽ പലരും മറ്റു തൊഴിലുകൾക്കും പോയി തുടങ്ങി .ഹോട്ടൽ തുടങ്ങിയാലും ഇനി അവരൊക്കെ എത്തുമോ എന്ന പേടിയും ഹോട്ടൽ ഉടമകൾക്കുണ്ട്. പാഴ്സൽ സൗകര്യം അനുവദിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച് ഹോട്ടലുകളിൽ മാത്രമാണ് ഇതിന് സൗകര്യം ഉള്ളത്. ഹോട്ടൽ അടഞ്ഞു കിടക്കുന്നതിനാൽ ഏറെ ബുദ്ധിമുട്ടുന്നത് തൊഴിലാളികളാണ്. ലോക്ക് ഡൗൺ കഴിഞ്ഞ് നിർമ്മാണ മേഖല സജീവമായതോടെ ഉച്ചഭക്ഷണം ഉൾപ്പെടെയുള്ളവയ്ക്ക് പ്രധാനമായും ഹോട്ടലുകളെ ആശ്രയിച്ചിരുന്ന അന്യ സംസ്ഥാന തൊഴിലാളികളും ഏറെ കഷ്ടത അനുഭവിക്കുകയാണ്. പഞ്ചായത്തുകളിൽ ജനകീയ ഹോട്ടലുകൾ ഉണ്ടെങ്കിലും യഥാസമയത്ത് തൊഴിലാളികൾക്ക് എത്താൻ കഴിയാറില്ല. സാമൂഹ്യ അകലം ഉൾപ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഹോട്ടലുകൾക്കും പ്രവർത്തനാനുമതി നൽകാമായിരുന്നു എന്നാണ് ഹോട്ടൽ ഉടമകളുടെയും, ജീവനക്കാരുടെയും അഭിപ്രായം.