തിരുവനന്തപുരം: അപ്രതീക്ഷിതമായി വേനൽമഴ ശക്തി പ്രാപിച്ചതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇന്നലെ പുലർച്ചെ വരെ തുടർന്ന മഴ നഗരത്തെയും ഗ്രാമപ്രദേശങ്ങളെയും ഒരുപോലെ ബാധിച്ചു. പ്രധാന നഗരങ്ങളിലെല്ലാം വെള്ളം കയറി. തമ്പാനൂർ എസ്.എസ്.കോവിൽ റോഡ്, അട്ടക്കുളങ്ങര,ചാല,വേളി.പാച്ചല്ലൂർ,കണ്ണമൂല ബണ്ട് റോഡ് കോളനി,പാച്ചല്ലൂർ എന്നിവിടങ്ങളിലും , തമിഴ്സംഘം, കീഴാറന്നൂർ റോഡുകളിലും വെള്ളം കയറിയതോടെ ജനജീവിതം ദുസഹമായി. അടിമലത്തുറ, അമ്പലത്തുമൂല പ്രദേശങ്ങളിലെ നൂറിലധികം വീടുകളിൽ വെള്ളംകയറി. എം.വിൻസെന്റ് എം.എൽ.എ വെള്ളം കയറിയ വീടുകൾ സന്ദർശിച്ചു. തമ്പാനൂരിലെ അയ്യപ്പൻ ക്ഷേത്രവും മുടവൻമുകളിലെ പറമ്പ് തമ്പുരാൻ ക്ഷേത്രവും അട്ടക്കുളങ്ങരയിലെ ഗവൺമെന്റ് സ്കൂളും ഭാഗികമായി മുങ്ങി. ചാലക്കമ്പോളത്തിൽ വെള്ളക്കെട്ട് രൂക്ഷമായത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും വലച്ചു. ചിറ്റാറും കിള്ളിയാറും കരമനയാറും വാമനപുരം നദിയും കരകവിഞ്ഞൊഴുകി. നഗരത്തിലെ ആമയിഴഞ്ചാൻ തോട് നിറഞ്ഞ് പഴവങ്ങാടി ഭാഗങ്ങളിൽ വെള്ളം കയറിയത് വ്യാപര സ്ഥാപനങ്ങളെ ബാധിച്ചു. ഡ്രെയിനേജ് മാലിന്യമടക്കം കടകളിലേക്ക് ഒഴുകിയെത്തി. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ തോട് വൃത്തിയാക്കൽ പുരോഗമിക്കുന്നുണ്ടെങ്കിലും പൂർത്തിയായിട്ടില്ല. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടർന്നതോടെയാണ് അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ തുറന്നത്. കളക്ടർ കെ.ഗോപാലകൃഷ്ണനും മേയർ കെ.ശ്രീകുമാറും വെള്ളം കയറിയ നഗര പ്രദേശങ്ങൾ സന്ദർശിച്ചു. ഉച്ചയോടെ നഗരത്തിൽ നിന്നു വെള്ളം ഇറങ്ങിയെങ്കിലും വേനൽ മഴയിലെ രൂക്ഷമായ വെള്ളപ്പൊക്കം ആശങ്കപ്പെടുത്തുന്നതാണ്.
മലയോരത്ത് തോരാ പെയ്ത്ത്
കോട്ടൂർ, ആര്യനാട്, കുറ്റിച്ചൽ പ്രദേശങ്ങളിൽ തോടുകളും ആറുകളും നിറഞ്ഞുകവിഞ്ഞു. റോഡും വയലേലകളും വെള്ളത്തിനടിയിലായി. നിരവധി വീടുകളിലേക്കും വെള്ളം കയറി. ഉൾവനത്തിൽ മലവെള്ളപ്പാച്ചിലാകാം കാരണമെന്നാണ് നിഗമനം. കാര്യോട് കുമ്പിൾമൂട് തോട് കരകവിഞ്ഞൊഴുകി. ആനാട് പഞ്ചായത്തിൽ വെള്ളപ്പൊക്കം രൂക്ഷമായി. തേക്കുംമൂട്ടിലും നെടുമങ്ങാട്ടും വീടുകളിൽ വെളളംകയറി. കുടപ്പനക്കുന്ന് അമ്പൂരി റോഡിൽ മണ്ണിടിഞ്ഞു. ഉത്തരംകോട് മേഖലയിലും കോട്ടൂർ-കാപ്പുകാട്, ഉത്തരംകോട്-പങ്കാവ് റോഡുകളിലും വെള്ളം കയറി.രാത്രി മൂന്നോടെയാണ് ഒഴുക്ക് ആരംഭിച്ചതും വെള്ളം നിറഞ്ഞതെന്നു നാട്ടുകാർ പറഞ്ഞു.കൃഷിയിടങ്ങളടക്കം വെള്ളത്തിലായി.ഗതാഗതം പൂർണമായും തടസപ്പെട്ടു.തൊളിക്കോട് മേത്തോട്ടത്ത്
ഉരുൾപൊട്ടി.ആനാട് ഭാഗത്ത് മണ്ണിടിച്ചിലും. നെയ്യാർഡാം ഫിഷറീസ് വകുപ്പിന്റെ മീൻ ഉത്പാദന വിതരണ കേന്ദ്രത്തിന്റെ കെട്ടിടങ്ങൾ വെള്ളത്തിൽ മുങ്ങി, വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായി അധികൃതർ പറഞ്ഞു.
വട്ടിയൂർക്കാവിൽ കനത്ത നഷ്ടം
വട്ടിയൂർക്കാവ്, തേക്കുംമൂട്, മരുതുംകുഴി, മണികണ്ഠേശ്വരം, തൊഴുവൻകോട് പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. മൂന്നാമുട്ടിലെ ആയിരവല്ലി തമ്പുരാൻ ക്ഷേത്രവും കരകുളം കലാഗ്രാമവും വെള്ളത്തിലായി. 50ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. തൊഴുവൻകോട് ജംഗ്ഷനിലെ റേഷൻകട മഴവെള്ളം കയറി നശിച്ചു. 80 ചാക്ക് ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യധാന്യ കിറ്റുകളും നശിച്ചു.
പേരൂർക്കട എസ്.എ.പി കോമ്പൗണ്ടിലെ കൂറ്റൻ തേക്കുമരം ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രം കെട്ടിടത്തിലേക്ക് കടപുഴകി. ആശുപത്രി കെട്ടിടത്തിൽ നിന്നു അന്തേവാസികളെ ഒഴിപ്പിച്ചു. വനിതാ വാർഡിനു സമീപം നിന്ന പുളിമരവും ഒരു തെങ്ങും പേരൂർക്കട ഇ.എസ്.ഐ ആശുപത്രി കോമ്പൗണ്ടിലെ തണൽമരവും കടപുഴകി.
ഇന്ധനത്തിൽ മഴവെള്ളം കലർന്നെന്ന് പരാതി
വട്ടിയൂർക്കാവ് കാവല്ലൂർ ലെയിനിനു സമീപത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിൽ ഇന്ധനത്തിനൊപ്പം മഴവെള്ളം കലർന്നതായി പരാതി ഉയർന്നു. വാഹന ഉടമകളുടെ പരാതിയെ തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് നടത്തിയ പരിശോധനയിൽ ടാങ്കുകളിൽ വെള്ളവും കലർന്നതായി കണ്ടെത്തി. മഴവെള്ളം അബദ്ധത്തിൽ കലർന്നതാകാമെന്നും പരാതിയുള്ളവർക്ക് നഷ്ടപരിഹാരം നൽകുമെന്നും പമ്പുടമ അറിയിച്ചു.
തിരുവനന്തപുരത്ത് 13 വീടുകൾ ഭാഗികമായും രണ്ടെണ്ണം പൂർണമായും തകർന്നു
ചിറയിൻകീഴിൽ 8 വീടുകൾ ഭാഗികമായി തകർന്നു
വർക്കലയിൽ 4 വീടുകൾ ഭാഗികമായി തകർന്നു
ജഗതി കരയ്ക്കാട് ലെയിനിലെ 85 വീടുകളിൽ നിന്നും താമസക്കാരെ ബന്ധുവീടുകളിലേക്ക് മാറ്റി
തിരുമല, മണക്കാട്, തൈക്കാട്, ശാസ്‌തമംഗലം വില്ലേജുകളിൽ 150ലധികം വീടുകളിൽ വെളളം കയറി, ക്യാമ്പുകളും ആരംഭിച്ചു
ഇന്നലെ ലഭിച്ച മഴ
തിരുവനന്തപുരം നഗരം-93.7 മില്ലിമീറ്റർ
എയർപോർട്ട്-74.05മില്ലിമീറ്റർ
ലെയിനുകളിൽ വെള്ളപ്പൊക്ക ഭീഷണി
കണ്ണമ്മൂല വാർഡിൽ മൂലവിളകത്തു കൈരളി, കേദാരം ലെയിനുകളിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ദുർഗന്ധം വമിക്കുന്ന ഡ്രെയിനേജ് അടക്കമുള്ള മാലിന്യങ്ങളാണ് വീടുകളിലേക്ക് ഒഴുകിയെത്തുന്നത്. ഓടകളടക്കം വെള്ളം ഒഴുകി പോകേണ്ട മാർഗങ്ങളൊന്നും വൃത്തിയാക്കിയിട്ടില്ല. അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മൂലവിളാകം റസിഡന്റ്സ് അസോസിയേഷൻ മുൻപ്രസിഡന്റ് സി.വി. സുരേന്ദ്രൻ ആവശ്യപ്പെട്ടു.