covid-19

കഴിഞ്ഞ നാലു ദിവസത്തിനിടെ കൊവിഡ് രോഗലക്ഷണങ്ങളുമായി കൂടുതൽ പേർ ആശുപത്രികളിലായത് ജനങ്ങൾക്കിടയിൽ പൊതുവേ ആശങ്ക അധികരിപ്പിക്കുന്നുണ്ട്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേർ എത്തിത്തുടങ്ങിയപ്പോൾ സംഭവിച്ച പ്രതിഭാസമായി ഇതു കണ്ടാൽ മതിയാകും. ഏതു സ്ഥിതിവിശേഷവും നേരിടാൻ സർക്കാർ സംവിധാനങ്ങൾ സുസജ്ജമായി നിലകൊള്ളുമ്പോൾ താൽക്കാലികമെന്നു കരുതാവുന്ന കൊവിഡ് കേസ് വർദ്ധന കണ്ട് അത്രയേറെ ഉത്കണ്ഠപ്പെടേണ്ടതില്ലെന്നാണ് തോന്നുന്നത്. ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തുകയും കൊവിഡ് മാർഗനിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുകയും ചെയ്താൽ ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ല. പുറത്തുനിന്ന് എത്തുന്നവർ കൂടി മാർഗനിർദ്ദേശങ്ങൾക്കൊത്ത് പ്രവർത്തിക്കാൻ തയ്യാറായാൽ കാര്യങ്ങൾ വരുതിയിലാക്കാവുന്നതേയുള്ളൂ. യാത്രാ സൗകര്യങ്ങൾ കൂടുതൽ തുറന്നു തുടങ്ങിയതോടെ വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമായി ഇനിയുള്ള ദിവസങ്ങളിലും ധാരാളം പേർ ഇങ്ങോട്ട് എത്തുമെന്നു തീർച്ചയാണ്. അതുകൊണ്ടുതന്നെ കൊവിഡ് കേസുകളിലും കാര്യമായ വർദ്ധന ഉണ്ടായേക്കാം. വ്യാഴാഴ്ച കൊവിഡ് പട്ടികയിൽ ഇടം പിടിച്ച 24 പേരും വിദേശങ്ങളിൽ നിന്നോ മറുനാടുകളിൽ നിന്നോ വന്നവരാണ്.

സംസ്ഥാനത്ത് സാധാരണ ജനജീവിതം ഏറക്കുറെ പുനസ്ഥാപിക്കപ്പെട്ടുവരികയാണ്. കടകമ്പോളങ്ങൾ തുറക്കുകയും നിയന്ത്രണങ്ങളോടെയാണെങ്കിലും ഗതാഗതം അനുവദിക്കുകയും ചെയ്തതോടെ എവിടെയും നല്ല തിരക്കായിട്ടുണ്ട്. കൂടുതൽ ജാഗ്രതയും കരുതലും ആവശ്യമായ ഘട്ടമാണ് മുന്നിലുള്ളതെന്ന വസ്തുത ആരും തന്നെ മറന്നുകൂടാത്തതാണ്. വീടുകളിൽ രണ്ടുമാസത്തോളം അടച്ചിരുന്നതിന്റെ അസ്വാസ്ഥ്യം മാറ്റാനായി വെറുതേ തെരുവിലിറങ്ങാൻ തുനിഞ്ഞാൽ അത് കൂടുതൽ അനിഷ്ടകരമായ സ്ഥിതിയിലേക്കായിരിക്കും സംസ്ഥാനത്തെ കൊണ്ടുചെന്നെത്തിക്കുക എന്ന കാര്യം മറക്കരുത്. ലോക്ക് ഡൗൺ കാലത്തെന്ന പോലെ ഒഴിവാക്കാനാവുന്ന എല്ലാ യാത്രകളും തുടർന്നും. കുറച്ചുനാളത്തേക്കുകൂടി മാറ്റിവയ്ക്കാൻ തയ്യാറാകണം. പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടും അതു ലംഘിക്കുന്നവർ ധാരാളമുണ്ട്. ഇത്തരം പ്രവണതകൾ ആപത്തു സ്വയം ക്ഷണിച്ചുവരുത്തലായിരിക്കും. ജനങ്ങൾ പൊതുവേ പാലിച്ച അച്ചടക്കവും ജാഗ്രതയും കരുതലും കൊണ്ടുമാത്രമാണ് മഹാമാരിയുടെ വ്യാപനം കർക്കശമായി ഇതുവരെ തടഞ്ഞുനിറുത്താനായത്. ഇത് ഇനിയും കുറെക്കാലം കൂടി ഇതേ നിലയിൽത്തന്നെ തുടരേണ്ടിവരുമെന്നാണ് വിദഗ്ദ്ധന്മാർ പറയുന്നത്. സുരക്ഷിത ജീവിതത്തിനായി നിബന്ധനകളും ചട്ടങ്ങളുമൊക്കെ അനുസരിക്കാൻ ഏവരും തയ്യാറാകണം.

മാറ്റിവച്ച പത്തും പന്ത്രണ്ടും ക്ളാസുകളിലെ അവശേഷിക്കുന്ന വിഷയങ്ങളുടെ പരീക്ഷ ചൊവ്വാഴ്ച തുടങ്ങാനിരിക്കുകയാണ്. പതിമൂന്നു ലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതേണ്ടത്. പരീക്ഷ നടത്തുന്നതിനെച്ചൊല്ലി ഏറെ സംശയങ്ങളും വിവാദങ്ങളുമൊക്കെ ഇതിനകം ഉണ്ടായിക്കഴിഞ്ഞു. ഏതാനും വിഷയങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നതിനാൽ ഏതു വിധേനയും അവ തീർന്നുകിട്ടാനാണ് കുട്ടികളും രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. ആവശ്യമായ മുന്നൊരുക്കങ്ങളോടെ പരീക്ഷ നടത്തുന്നതുകൊണ്ട് കുഴപ്പമൊന്നുമുണ്ടാകാനില്ല. പരീക്ഷാ നടത്തിപ്പും രാഷ്ട്രീയ പ്രശ്നമാക്കി മാറ്റാൻ ശ്രമിച്ചപ്പോഴാണ് അനാവശ്യമായ ഉത്‌കണ്ഠയും ഭയവും സമൂഹത്തിൽ ഉടലെടുത്തത്. അതാതു സ്കൂൾ അധികൃതർ വിചാരിച്ചാൽ ഒരു പ്രയാസവും കൂടാതെ പരീക്ഷ മുറയ്ക്ക് നടന്നുകൊള്ളും. പകുതിയിലധികം സ്കൂളുകളിലും നൂറിൽ താഴെ മാത്രം കുട്ടികളാകും പരീക്ഷ എഴുതാനുണ്ടാവുക. നഗര പ്രദേശങ്ങളിലെ വലിയ സ്കൂളുകളിലാണ് കൂടുതൽ കുട്ടികളുണ്ടാവുക. യാത്രാ സൗകര്യത്തിന്റെ കാര്യത്തിലും വലിയ ഉത്‌കണ്ഠപ്പെടേണ്ടതില്ല. തങ്ങളുടെ മക്കളെ സ്കൂളിലെത്തിക്കാൻ ഏതു വിധേനയും രക്ഷകർത്താക്കൾക്ക് തീർച്ചയായും കഴിയും. ഈ വിഷയത്തിൽ രക്ഷിതാക്കൾക്കില്ലാത്ത ഉത്കണ്ഠയും വെപ്രാളവും പുറത്തു കണ്ടുനിൽക്കുന്നവർക്ക് ഉണ്ടാകേണ്ടതില്ല. ലോക്ക് ഡൗൺ കാലത്തുപോലും സംസ്ഥാനത്തെ എൺപതു ലക്ഷത്തിലധികം കാർഡുടമകൾ പലകുറി റേഷൻ കടകളിലെത്തി സാധനങ്ങൾ വാങ്ങിക്കൊണ്ടു പോയപ്പോഴൊന്നും ഉയരാത്ത രോഗഭീഷണി പരീക്ഷാ വിഷയത്തിൽ ദർശിക്കേണ്ടതില്ല. ജൂൺ ആദ്യവാരം സർവകലാശാലാ പരീക്ഷകളും ആരംഭിക്കാനിരിക്കുകയാണ്. സർവ മേഖലകളും പ്രവർത്തിച്ചു തുടങ്ങിയിരിക്കെ പരീക്ഷകൾ മാത്രം അനിശ്ചിതമായി നീട്ടിനീട്ടിക്കൊണ്ടുപോകുന്നതിൽ അർത്ഥമില്ല. എന്തെങ്കിലും കാരണവശാൽ പരീക്ഷയ്ക്കു ഹാജരാകാൻ കഴിയാത്ത കുട്ടികൾക്ക് ഒരവസരം കൂടി ഒരുക്കാവുന്നതേയുള്ളൂ. ഇപ്പോഴത്തെ അസാധാരണ സാഹചര്യത്തിൽ ഇതിനൊക്കെ സൗകര്യമുണ്ട്. പരീക്ഷകൾ നടത്തുമ്പോൾ സർവകലാശാലകൾ അവസാന പരീക്ഷകൾക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. അതുപോലെ കുട്ടികൾക്ക് അതാതു ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കുകയും വേണം.

എല്ലാ സംസ്ഥാനങ്ങളിലും യാത്രാ നിയന്ത്രണങ്ങളുള്ളതിനാൽ ഈ വർഷത്തെ സർവകലാശാലാ പ്രവേശനത്തിന് കാലതാമസവും ബുദ്ധിമുട്ടുകളും ഉണ്ടാകാനിടയുണ്ട്. അതു മുന്നിൽ കണ്ട് ഇവിടെ ബിരുദ - ബിരുദാനന്തര സീറ്റുകൾ പരമാവധി വർദ്ധിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഓൺലൈൻ ക്ളാസ് സംവിധാനവും വിപുലമാക്കാനാണ് തീരുമാനം. പൊതു വിദ്യാലയങ്ങളിൽ പുതിയ പ്രവേശന നടപടികൾ തുടങ്ങിയെങ്കിലും സ്കൂളുകൾ എന്നു തുറക്കുമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ നിർദ്ദേശമനുസരിച്ചാകും കാര്യങ്ങൾ. സ്ഥിതി ഇനിയും മെച്ചപ്പെടാനുള്ളപ്പോൾ ധൃതിപിടിച്ച് സ്കൂളുകൾ തുറക്കേണ്ട സാഹചര്യമൊന്നുമില്ല. ക്ഷമയോടെ

കാത്തിരിക്കുന്നതാകും ഉചിതം. രാജ്യം ഇപ്പോഴും മഹാമാരിയുടെ കടുത്ത നിഴലിൽത്തന്നെയാണ്. രോഗവ്യാപനം നാൾക്കുനാൾ അധികരിക്കുന്നത് വലിയ ഉത്ക്കണ്ഠയ്ക്ക് കാരണമാകുന്നു. രാജ്യത്താകെ കൊവിഡ് രോഗികൾ ഒന്നേകാൽ ലക്ഷത്തോടടുക്കുകയാണ്. വ്യാഴാഴ്ച വരെ മരണം 3584 ആയി ഉയർന്നുകഴിഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്ഥിതി ഗുരുതരം തന്നെയാണ്. കൊവിഡിനൊപ്പം ഏറെനാൾ ജീവിക്കേണ്ടിവരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധന്മാർ പറയുന്നത്. അത്തരമൊരു സ്ഥിതിയാണുള്ളതെങ്കിൽ അതനുസരിച്ച് നീന്തുകയേ വഴിയുള്ളൂ.