മുടപുരം: സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സെക്രട്ടേറിയറ്റിൽ നിന്നും ചിറയിൻകീഴിലേക്ക് വൈകുന്നേരം കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ. രാവിലെ ഓഫീസിലെത്താൻ കഴിയുന്നുണ്ടെങ്കിലും വൈകുന്നേരം തിരികെ വീട്ടിൽ എത്താൻ യാത്രക്കാരുടെ തിരക്ക് മൂലം കഴിയുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. നിലവിൽ എല്ലാ സീറ്റുകളിലും യാത്രക്കാരായാൽ ബസുകൾ മറ്റ് സ്റ്റോപ്പുകളിൽ നിർത്താറില്ല. ഇതിനാൽ മരുക്കുംപുരഴ,​ പെരുങ്ങുഴി,​ ചിറയിൻകീവ്,​ കടയ്ക്കാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർ രാത്രി ഏറെ വൈകിയാണ് വീടുകളിൽ എത്തുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാൻ വൈകുന്നേരം അഞ്ച് മണിക്ക് സെക്രട്ടേറിയറ്രിൽ നിന്നും ചിറയിൻകീഴിലേക്ക് പുതിയ ബസ് സ‌ർവീസ് ആരംഭിക്കണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതരോട് ആവശ്യപ്പെട്ടതോടൊപ്പം യാത്രക്കാർ എം.എൽ.എമാരടക്കമുള്ള ജനപ്രതിനിധികൾക്കും നിവേദനം നൽകിയിട്ടുണ്ട്.