ജനങ്ങൾക്ക് മാർഗദർശകമായി നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ച് കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായി വിശുദ്ധ ഖുറാൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റംസാൻ. അതുകൊണ്ട് നിങ്ങളിൽ ആര് ആ മാസത്തിൽ സന്നിഹിതരകുന്നുവോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാകുന്നു. ദിവസേന അഞ്ചു നേരമുള്ള നിസ്കാരവും, റംസാൻ മാസം മുഴുവനുമുള്ള വ്രതവും, സമ്പത്തിൽ മിച്ചമുണ്ടാകുമ്പോൾ സക്കാത്തും, സാദ്ധ്യമായാൽ ജീവിതത്തിലൊരിക്കൽ ഹജ്ജും വിശ്വാസികൾക്ക് നിർബന്ധമാക്കി. അങ്ങനെ വിശ്വാസിയുടെ മാനസിക, ശാരീരിക, സാമൂഹിക, സാമ്പത്തിക ജീവതത്തിലെ വിശുദ്ധി കൈവരിക്കണമെന്നാണ് ഇത്തരം വ്യത്യസ്ത രൂപത്തിലുള്ള ആരാധനകൾ അനുഷ്ടിക്കുന്നതിലൂടെ ഇസ്ലാം ലക്ഷ്യം വയ്ക്കുന്നത്.ഒരു മാസം നീണ്ടു നിൽക്കുന്ന റംസാനിലെ വ്രതം വരാനിരിക്കുന്ന പതിനൊന്നു മാസത്തേക്കുള്ള ധാർമ്മിക-ആത്മീയ ഊർജം കൈവരിക്കുന്നതായിരിക്കണം. കഴിഞ്ഞ കാലങ്ങളിൽ വന്നുപോയ വീഴ്ചകളും അരുതായ്മകളും പരിഹരിച്ചു ഒരു പുതിയ മനുഷ്യനായി ഓരോ നോമ്പുകാരനും മാറണം. ആ മാറ്റം ലോകജനതക്ക് അനുഭവിക്കാൻ സാദ്ധ്യമാകണം. അരുതായ്മകളിൽ നിന്നും അധാർമ്മികതയിൽ നിന്നും മനുഷ്യനെ തടയാൻ അവൻ ആർജിച്ച അദൃശ്യമായ ദൈവിക ബോധത്തോളം ശക്തമായ മറ്റൊന്നുമില്ല. അങ്ങനെ ആരാധനയിലൂടെ സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും ധാർമികതയുടെയും ഒരു ലോകം ഉണ്ടാകണമെന്ന് ഇസ്ലാം ആഗ്രഹിക്കുന്നു. ആ മനുഷ്യനെയും സമൂഹത്തെയും രൂപപ്പെടുത്താനാണ് വിശുദ്ധ ഖുറാൻ റംസാൻ മാസത്തിലെ വ്രതം കൊണ്ട് പ്രപഞ്ച സ്രഷ്ടാവ് ഉദ്ദേശിച്ചത്.