വെമ്പായം: ലോക്ക് ഡൗൺ കാലത്തെ റമദാനിലും, ചെറിയ പെരുന്നാളിനും കരുതലായി ഒരുമ വാട്സാപ് കൂട്ടായ്മ. 165 അംഗങ്ങളുള്ള 'ഒരുമ' വാട്സാപ്പ് ഗ്രൂപ്പ് വെമ്പായം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. റമദാൻ മാസം ആരംഭിച്ച ദിവസങ്ങളിൽ നിർദ്ധരരായവർക്ക് ധാന്യക്കിറ്റുകൾ എത്തിച്ചു കൊണ്ടു പ്രവർത്തനം ആരംഭിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഗ്രൂപ്പിലുള്ള അംഗങ്ങളുടെ മക്കൾക്കായി ഓൺലൈൻ ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു. നിരവധി കുട്ടികളാണ് ഈ മത്സരത്തിൽ പങ്കെടുത്തത്. ഇതിനിടയിൽ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി. വെഞ്ഞാറമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആശ്രയ തീരം ചാരിറ്റി വില്ലേജിലെ അറുപതോളം വരുന്ന അന്തേവാസികൾക്ക് പെരുന്നാൾ വസ്ത്രം എത്തിച്ചു നൽകി. പെരുന്നാൾ ദിനത്തിൽ ലോക്ക് ഡൗൺ കാരണം ബുദ്ധിമുട്ടുന്നവർ, പ്രവാസി കുടുംബങ്ങൾ തുടങ്ങി 250 ഓളം കുടുംബങ്ങൾക്ക് മാംസവും പച്ചക്കറിയും അടങ്ങുന്ന കിറ്റ് വീടുകളിൽ എത്തിച്ചു നൽകിയിട്ടുണ്ട്. ഇതോടൊപ്പം പെരുന്നാൾ ദിനമായ ഇന്ന് ഓൺലൈൻ വഴി കുട്ടികളുടെ ചിത്ര രചന, പ്രസംഗം, പാട്ട് മത്സരങ്ങൾ നടത്തും. ഇതേ ദിവസം തന്നെ അടൂർ പ്രകാശ് എം.പി, സി. ദിവാകരൻ എം.എൽ.എ, കടക്കൽ അബ്ദുൽ അസീസ് മൗലവി, അഫ്സൽ ഖാസിമി കൊല്ലം എന്നിവരുടെ ഈദ് സന്ദേശവും ഉണ്ടാകും.