കല്ലമ്പലം: കഴിഞ്ഞ എട്ടുവർഷമായി ശരീരം തളർന്ന് കിടപ്പിലായ ആലംകോട് ആത്തറക്കാട് എ.കെ.പി.ഹൗസിൽ സുധീറിന്റെ ഭാര്യ മുംതാസിനെ തേടി ദേശീയ മനുഷ്യാവകാശ പ്രവർത്തകരെത്തി. മുംതാസിന്റെ ദുരിതം അറിഞ്ഞാണ് സഹായ ഹസ്തവുമായി പ്രവർത്തകരെത്തിയത്. ആട്ടോ ഡ്രൈവറായ സുധീറിന് ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടു. രണ്ടു കുട്ടികളടങ്ങുന്ന കുടുംബം ഭക്ഷണവും മരുന്നും ലഭിക്കാതെ ദുരിതത്തിൽ കഴിയുന്ന വാർത്ത പ്രാദേശിക ചാനലാണ് സമൂഹ മദ്ധ്യത്തിലെത്തിച്ചത്. ദേശീയ മനുഷ്യാവകാശ ഫോറം വർക്കല താലൂക്ക് യൂണിയൻ പ്രസിഡന്റ് ഷൈലജ ചന്ദ്രന്റെ നേതൃത്വത്തിൽ പുനർജനി പുനരധിവാസ കേന്ദ്രം ചെയർമാൻ ട്രോസിജയൻ,ശാന്തി വനം അക്കാഡമി ചെയർമാൻ പ്രദീപ് ശിവഗിരി,ദേശീയ മനുഷ്യാവകാശ ഫോറം സെക്രട്ടറി രാജേന്ദ്രൻ എന്നിവരാണ് മുംതാസിന്റെ വീട്ടിലെത്തി അവശ്യ സാധനങ്ങൾ നൽകിയത്. തുടർചികിത്സയും, സംരക്ഷണവും ഏറ്റെടുക്കുവാനുള്ള സന്നദ്ധതയും ഇവർ അറിയിച്ചു.
ചിത്രം: മുംതാസിന്റെ കുടുംബത്തിന് മനുഷ്യാവകാശ പ്രവർത്തകർ അവശ്യ സാധനങ്ങളടങ്ങിയ കിറ്റ് നൽകുന്നു