നെയ്യാറ്റിൻകര: പശുക്കളെ വളർത്തുന്നതിനെക്കാൾ ചെലവ് കുറവ്, പോഷകഗുണം ഏറെയുള്ളതും ഔഷധഗുണമുള്ളതുമായ പാൽ. ഇങ്ങനെ നിരവധി സവിശേഷതകളുണ്ട് ആടിനും ആട് വളർത്തലിനും. പശുക്കളെ അപേക്ഷിച്ച് കുറഞ്ഞ സ്ഥലത്ത് ആടിനെ വളർത്താം. പരിചരിക്കാനും എളുപ്പം. പല രോഗങ്ങൾക്കും ഉത്തമ ഔഷധം കൂടിയാണ് ആട്ടിൻപാൽ. വർഷത്തിൽ രണ്ട് പ്രസവം. ഓരോ പ്രസവത്തിലും 2 മുതൽ 3 കുട്ടികൾവരെ. ഇത്രയും നേട്ടങ്ങൾ ഉണ്ടായിട്ടും ആട് വളർത്തലിന് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. മൃഗസംരക്ഷണ വകുപ്പോ മറ്റ് സംഘടനകളോ ആട് വളർത്തലിന് കർഷകർക്ക് വേണ്ട പ്രോത്സാഹനവും സഹായവും നൽകാറില്ല. അധിക മൂലധനം ചെലവാക്കാതെ തന്നെ സാധാരണ ഒരു കർഷകന് ആടുവളർത്തി സാമാന്യം വരുമാനം കണ്ടെത്താൻ കഴിയും.
എന്നാൽ ആടിന് കാലാവസ്ഥാവ്യതിയാനം പ്രതി കൂലമായി ബാധിക്കാറുള്ളതിനാൽ പലരും ആട്‌വളർത്തൽ പാതിവഴിയിൽ ഉപേക്ഷിക്കാറുണ്ട്. ആടുവളർത്തലിൽ ഉണ്ടാകുന്ന പാകപ്പിഴയും നല്ല ഇനങ്ങളെ തിരഞ്ഞെടുക്കുന്നതിലുള്ള അജ്ഞതയും ഒരു പരിധിവരെ ഇതിന് കാരണമാകുന്നുണ്ട്.
ഉയർന്ന ഉത്പാദന- പ്രജനനക്ഷമതകൾ നോക്കിയായിരിക്കണം ആടുകളെ തിരഞ്ഞെടുക്കേണ്ടത്. ആടുകളുടെ പ്രത്യക്ഷ ലക്ഷണങ്ങൾ നോക്കിയും തിരഞ്ഞെടുക്കാം. വിരിഞ്ഞ നെഞ്ചും തിളങ്ങുന്ന കണ്ണുകളും നനവുള്ളനാസികയും മിനുസമുള്ള രോമവും പ്രസരിപ്പുള്ള സ്വഭാവവും ആടുകളുടെ ആരോഗ്യലക്ഷണങ്ങളാണ്. കറന്നുകഴിഞ്ഞാൽ വലിപ്പ വ്യത്യാസമില്ലാത്ത അകിടും നല്ല ആടിന്റെ ലക്ഷണങ്ങളാണ്.
മലബാറി ആടുകൾ കേരളത്തിന്റെ തനത് ജനുസാണ്. കേരളത്തിന്റെ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ഇണങ്ങുന്നവയാണ് ഈ ആടുകൾ. ഇതിൽ വെളുത്ത ആടിനാണ് പ്രിയം കൂടുതൽ. നീണ്ട ചെവികൾ ഈ ജനുസിന്റെ പ്രത്യേകതയാണ്. പ്രത്യുത്പാദനക്ഷമത കൂടിയ ഈ ഇനങ്ങളാണ് കൂടുതലും കർഷകർ തിരഞ്ഞെടുക്കുന്നത്.
അട്ടപ്പാടി കരിയാടുകളാണ് മറ്റൊരു ഇനം. മാംസാവശ്യത്തിനായി ഈ ആടുകളെ വളർത്തുന്നതാണ് മെച്ചം. ഇവയുടെ മാംസത്തിന് കൂടുതൽ രുചിയും ഗുണവുമുള്ളതായി കണക്കാക്കുന്നു. മലബാറി ആടുകളെക്കാൾ ശരീരഭാരം കുറവാണ് ഇവയ്ക്ക്.
ഏറ്റവും വലിയ ഇന്ത്യൻ ജനുസാണ് ജമുനാപാരി. പൂർണവളർച്ച എത്തിയ ആടുകൾക്ക് 80 കിലോവരെ ഭാരം കാണും. മങ്ങിയ വെള്ളനിറവും നീളൻ ചെവിയും റോമൻ മൂക്ക് എന്നറിയപ്പെടുന്ന ഉയർന്ന നാസികയുമാണ് ഇതിന്റെ പ്രത്യേകത. വർഷത്തിൽ ഒരു പ്രസവവും അതിൽ ഒരു കുട്ടിയും മാത്രം.
പശുവിൻപാലിനെക്കാൾ ഗുണം കൂടുതലാണ് ആട്ടിൻപാലിന്. പ്രോട്ടീൻ, അയൺ, വിറ്റമിൻ. സി,ഡി എന്നിവയുടെ കാര്യത്തിൽ ആട്ടിൻപാൽ മുന്നിലാണ്. കൊഴുപ്പ് വളരെക്കുറവാണ്. ദഹനശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. ആട്ടിൻപാലിലെ സെലേനിയം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. അണുബാധയെത്തുടർന്നുണ്ടാകുന്ന നീരിന് ആട്ടിൻപാൽ ഉത്തമം. കോളിറൈറ്റിസ്, മൈഗ്രേൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ എല്ലാം ആട്ടിൻപാൽ ഉപയോഗിക്കാം. മീഡിയം, ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ ആട്ടിൻപാൽ മുലപ്പാൽ പോലെ എളുപ്പം ദഹിക്കും.