തിരുവനന്തപുരം: പ്രവാസികളുടെയും അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുടെയും നിരീക്ഷണം ഉറപ്പുവരുത്തുന്നതിനായി സജീവമായ ഇടപെടലുകളുമായി നഗരസഭ. ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ ഇന്നലെ മേയർ കെ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റിക്കർ പതിപ്പിച്ചു. നിരീക്ഷണം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും നൽകി വരുന്നു. നിലവിൽ 3,394 പേരാണ് നഗരസഭാ പരിധിയിൽ ഹോം ക്വാറന്റൈനിലുള്ളത്.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യങ്ങളില്ലാത്തവരെ നഗരസഭയുടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലാണ് പാർപ്പിക്കുന്നത്. നിലവിൽ 511 പേർ 28 ക്വാറന്റൈൻ സെന്ററുകളിലായുണ്ട്. ഇവർക്കാവശ്യമായ ഭക്ഷണവും മറ്റ് വസ്തുക്കളും നൽകുന്നുണ്ട്. വീഴ്‌ച വരാതെയിരിക്കുന്നതിനായി ഓരോ കേന്ദ്രങ്ങളിലും നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരുടെയും കൗൺസിലർമാരുടെയും മേൽനോട്ടമുണ്ട്. നഗരസഭാ ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ രണ്ട് ഹെൽത്ത് സൂപ്പർവൈസർമാരും, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെകടർമാർ, ശുചീകരണ തൊഴിലാളികൾ, വോളന്റിയർമാർ എന്നിവരും രംഗത്തുണ്ട്.
വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നന്തിനായി വാർഡ് തല സമിതികളും പ്രാദേശിക സമിതികളും പ്രവർത്തിക്കുന്നുണ്ട്. 200 വീടിന് അഞ്ച് പേർ അടങ്ങുന്ന ഒരു പ്രാദേശിക സമിതി നിരീക്ഷണത്തിനുണ്ട്. ഹോം ക്വാറന്റൈനിൽ കഴിയുന്നവർക്ക് സഹായത്തിനായി ഹെൽപ് ഡെസ്‌കും സജ്ജീകരിച്ചിട്ടുണ്ട്. ഹെൽപ്പ് ഡെസ്‌ക് നമ്പർ: 9496434409, 9496434410.