taxi

ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ ടാക്‌സി സർവീസ് പ്ലാറ്റ്‌ഫോമായ ഒല ജീവനക്കാരെ പിരിച്ചുവിടുന്നു. ലോക്ക് ഡൗൺ കാരണം വരുമാനം 95 ശതമാനം കുറഞ്ഞതായി ഒല. ഇതേത്തുടർന്ന് കമ്പനിയിലെ 1,400 ജീവനക്കാരെ പിരിച്ചുവിടുന്നതായും ഒല അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്റ്റാർട്ടപ്പിന്റെ വരുമാനം 95 ശതമാനം കുറഞ്ഞിരിക്കുകയാണെന്നും ബിസിനസ്, സാമ്പത്തിക പ്രതിസന്ധിയിലൂ‌ടെ കടന്ന് പോകുകയാണെന്നും ഒല സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു. വൈറസിന്റെ വ്യാപനം മൂലമുള്ള പ്രതിസന്ധി കമ്പനിയെ വളരെക്കാലം പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പിരിച്ചുവിട്ട ജീവനക്കാ‌ർക്ക് മൂന്നുമാസം വരെ ശമ്പളത്തിന്റെ ഒരുഭാഗം നല്‍കും. ഡിസംബർ 31വരെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കമ്പനി നൽകിയ മെഡിക്കൽ, ലൈഫ്, അപകട ഇൻഷുറൻസ് പരിരക്ഷ ഉപയോഗിക്കാവുന്നതാണ്.

മറ്റ് ജീവനക്കാരുടേയും ശമ്പളം വെട്ടിക്കുറക്കേണ്ടി വരുമെന്ന് ഭവിഷ് വ്യക്തമാക്കി. നേരത്തെ ഓൺലെെൻ ഭക്ഷ്യവിതരണക്കാരായ സ്വിഗ്ഗിയും സൊമാറ്റോയും ഓൺലൈൻ ടാക്‌സി സേവനദാതാക്കളായ യൂബറും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.