തിരുവനന്തപുരം:നടത്തിപ്പ് ചുമതല സംസ്ഥാന സർക്കാരിനോ ,അദാനിക്കോ എന്ന അനിശ്ചിതത്വത്തിനിടെ, തിരുവനന്തപുരം വിമാനത്താവളത്തിന്റെ വളർച്ച മൂക്കുകുത്തി താഴേക്ക്. അന്താരാഷ്ട്ര സർവീസുകൾ കുറഞ്ഞു, വികസനപ്രവർത്തനങ്ങൾ സ്തംഭിച്ചു.
ജെറ്റ്, സൗദിയ, ഫ്ലൈ ദുബായ്, സിൽക്ക് എയർലൈനുകൾ സർവീസുകൾ അവസാനിപ്പിച്ചതിനു പിന്നാലെ,മലേഷ്യയുടെ മലിൻഡോ എയർ പിൻവാങ്ങാനൊരുങ്ങുന്നു. എയർപോർട്ട് അതോറിട്ടി പ്രഖ്യാപിച്ച 600 കോടിയുടെ വികസനപദ്ധതി മരവിപ്പിച്ചു. നിലവിലെ 33,300ചതുരശ്രഅടി ടെർമിനൽ കെട്ടിടത്തിനൊപ്പം 55,000ചതുരശ്രഅടി ചേർത്ത് പുതിയ ടെർമിനൽ നിർമ്മിക്കുന്നതടക്കമുള്ള പദ്ധതികളാണ് നിലച്ചത്.
വിമാനക്കമ്പനികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചകളെത്തുടർന്ന് ചില ആഭ്യന്തര സർവീസുകൾക്ക് ധാരണയായെങ്കിലും തുടർ നടപടിയില്ല. ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഗോ-എയർ, എയർഏഷ്യ എന്നിവ ബംഗളൂരു, ഹൈദരാബാദ്, ന്യൂഡൽഹി, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് സർവീസിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആസ്ട്രേലിയൻ വിമാനക്കമ്പനിയായ ജെറ്റ്‌സ്റ്റാർ ആസ്ട്രേലിയൻ കണക്‌ഷനോടെ, തിരുവനന്തപുരം-സിംഗപ്പൂർ സർവീസിനൊരുങ്ങിയെങ്കിലും നടന്നില്ല.
തലസ്ഥാനത്തെ സംരംഭകരും ടൂറിസം മേഖലയിലുള്ളവരും കൂടുതൽ അന്താരാഷ്ട്ര സർവീസിനായി വാദിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഡിജിറ്റൽ ഹബിനുള്ള അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിന് ജപ്പാനിലെ ടോക്കിയോയിലേക്ക് സർവീസ് വേണമെന്നാണ് നിസാൻ കമ്പനിയുടെ ആവശ്യം. സിൽക്ക്എയർ സിംഗപ്പൂർ സർവീസ് നിറുത്തി പകരം തുടങ്ങിയ സ്കൂട്ട് എയർലൈനിൽ ബിസിനസ് ക്ലാസില്ലാത്തതിനാൽ കോർപ്പറേറ്റ് കമ്പനികൾക്ക് താത്പര്യമില്ല.
തകർച്ചയുടെ
ആഴം
ഒരു വർഷത്തിനിടെ കുറഞ്ഞത് അഞ്ഞൂറോളം സർവീസുകൾ
ശ്രീലങ്കയിലേക്കും സിംഗപ്പൂരിലേക്കുമുള്ള സിൽക്ക്എയർ സർവീസ് നിറുത്തി
ദുബായിലേക്ക് ആഴ്ചയിൽ നാല് സർവീസുണ്ടായിരുന്ന ഫ്ലൈ ദുബായ് കോഴിക്കോട്ടേക്ക്
ജെറ്റിന്റെ ദമാം സർവീസ് പോയതോടെ സൗദിയിലേക്ക് എയർഇന്ത്യയുടെ റിയാദ് വിമാനം മാത്രം
ദുബായിലേക്ക് എമിറേറ്റ്സും അബുദാബിയിലേക്ക് എത്തിഹാദും സർവീസ് പകുതിയാക്കി
44.93
ലക്ഷം യാത്രക്കാർ
5.3%
യാത്രക്കാർ പ്രതിവർഷം കൂടുന്നു
' സർക്കാർ ഭൂമിയിലാണ് വിമാനത്താവളം. സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യകമ്പനിക്ക് വികസനം പറ്റില്ല'.
-പിണറായി വിജയൻ
മുഖ്യമന്ത്രി