തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ വരെ 351.85 കോടി രൂപ ലഭിച്ചു. എന്നാൽ കൊവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിധിയിൽ നിന്ന് ഇതുവരെ 506.32 കോടി രൂപയാണ് ചെലവാക്കിയത്.
ഭക്ഷ്യസാധനങ്ങളുടെ കിറ്റ് വിതരണത്തിനായി സിവിൽ സപ്ലൈസ് വകുപ്പിന് 350 കോടി രൂപ നൽകി. പ്രവാസികൾക്ക് ധനസഹായത്തിനായി നോർക്കയ്ക്ക് 8.5 കോടിയും ബി.പി.എൽ, എ.എ.വൈ കുടുംബങ്ങൾക്ക് ധനസഹായത്തിനായി സഹകരണ വകുപ്പിന് 147.82 കോടിയും അനുവദിച്ചു.
മാർച്ച് 27 മുതലാണ് കൊവിഡിന്റെ പേരിൽ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് ധനസമാഹരണം തുടങ്ങിയത്.
2018ലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ അക്കൊല്ലം ആഗസ്റ്റ് 14 മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിച്ച് തുടങ്ങിയിരുന്നു. 2019ലും വെള്ളപ്പൊക്കം ഉണ്ടായതോടെ ധനസമാഹരണം തുടർന്നു.
രണ്ടു വെള്ളപ്പൊക്കങ്ങളുമായി ബന്ധപ്പെട്ട് മൊത്തം 4912.45 കോടി രൂപയാണ് ലഭിച്ചത്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് 3236.71 കോടി രൂപ ചെലവഴിച്ചു.