നെടുമങ്ങാട് : കനത്ത മഴയിൽ നെടുമങ്ങാട് താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.150ലധികം വീടുകൾ ഭാഗികമായി തകർന്നു.നഗരസഭ പരിധിയിൽ മാത്രം അമ്പതോളം വീടുകൾ തകർന്നു.വെള്ളനാട് ഗവ.എൽ.പി.എസിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ അഞ്ച് കുടുംബങ്ങളെയും ആനാട് പഞ്ചായത്തിൽ എട്ട് കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ തുറന്നതോടെ കരമനയാറ്, വാമനപുരം നദി, കിള്ളിയാർ തീരവാസികൾക്ക് റവന്യൂ, പൊലീസ് അധികൃതർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ വീടുകളിൽ കുടുങ്ങിയ സ്ഥിതിയാണ്. ചെങ്കോട്ട, ഷൊർലാക്കോട്‌ അന്തർസംസ്ഥാന പാതകൾ വെള്ളക്കെട്ടിലായി. നഗരസഭയിലെ മേലാങ്കോട്, പറണ്ടോട് കോളനിയിലെ രണ്ടു വീടുകളുടെ ചുമരിടിഞ്ഞു. ഇരിഞ്ചയം താന്നിമൂട്ടിൽ അനിൽകുമാറിന്റെ വീടിനു സമീപത്തെ പാറക്കെട്ട് അപകടഭീതി ഉയർത്തുന്നതിനാൽ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കുശർക്കോട് ഗ്രാങ്കോട്ടുകോണം മേലെവീട്ടിൽ അപ്പുവിന്റെ വീട്ടിലേക്ക് കുന്ന് ഇടിഞ്ഞുവീണു. ഫയർഫോഴ്സ് എത്തിയാണ് അപ്പുവിന്റെ ഭിന്നശേഷിക്കാരിയായ ഭാര്യ ഓമനയെ പുറത്തെത്തിച്ചത്. കാക്കത്തോട് കരകവിഞ്ഞ് കല്ലിംഗൽ ബജാജിന്റെ വർക്ക്ഷോപ്പ് യൂണിറ്റ്, മേലാങ്കോട് നികുഞ്ജം ആഡിറ്റോറിയം,പറണ്ടോട് ക്ഷേത്രം,കരുപ്പൂര് ഏലാ എന്നിവ വെള്ളത്തിനടിയിലായി. ഉളിയൂർ ഏലാ,ആനാട് പെരിങ്ങാവൂർ ഏലാ,പറണ്ടോട് ഏല,ചെല്ലംകോട് ഏല പ്രദേശങ്ങളും വെള്ളത്തിലായി. പേരുമലയിലും പറമുറ്റത്തും മണ്ണിടിച്ചിലിൽ റോഡുകൾ തകർന്നു.കരകുളം കെൽട്രോൺ ജംഗ്‌ഷനും ആനാട് ബാങ്ക് ജംഗ്‌ഷനും വെള്ളക്കെട്ടിലായി.മുദിശാസ്‌താംകോട് ക്ഷേത്രത്തിലും വെള്ളംകയറി.ഉഴമലയ്ക്കൽ പഞ്ചായത്തിൽ ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച പച്ചക്കറി ഉൾപ്പെടെയുള്ള കൃഷികൾ നശിച്ചു. അമ്പത് ലക്ഷത്തോളം രൂപയുടെ കൃഷിനാശമാണ് കൃഷിഭവനുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പാലോട് വ്യാപക കൃഷിനാശം

പാലോട്: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ നന്ദിയോട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ വ്യാപകമായ കൃഷി നാശം. വാമനപുരം നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വഞ്ചുവത്ത് നിരവധി വീടുകളിൽ വെള്ളം കയറി. പനയമുട്ടം ക്ഷേത്രത്തിലും വഞ്ചുവം മണികണ്ഠാലയം ക്ഷേത്രത്തിലും വെള്ളം കയറി. പുലിയൂർ, കിഴക്കേവിള, കൊട്ടിയാംകോണം, പ്ലാവറ, ആറ്റുകടവ്, കുറുന്താളി, മീൻമുട്ടി,പച്ച, പവ്വത്തൂർ, പാലുവള്ളി, പൊട്ടൻചിറ, കരിമ്പിൻകാല തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളം കയറി കൃഷി നാശിച്ചത്. ഈ പ്രദേശങ്ങളിലെ ചില വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പച്ചമല അംഗൻവാടിയുടെ പ്രധാന കെട്ടിടത്തിന്റെ ഒരു ഭാഗത്തെ അടിത്തറ ഇടിഞ്ഞു പോയി. ടോയ്ലെറ്റും മതിലും പൂർണമായും തകർന്നു. കള്ളിപ്പാറയിൽ സുരേന്ദ്രൻ, ഏലിശൻ എന്നിവരുടെ രണ്ടേക്കർ വാഴയും, പവ്വത്തൂരിൽ ശ്രീജിത്തിന്റേയും ശാന്തി പ്രിയന്റെയും അൻപത് സെന്റിലെ പച്ചക്കറി കൃഷിയും, ചെല്ലഞ്ചിയിൽ പ്രഭാകരൻ നായർ, ശശാങ്കൻ, രവീന്ദ്രൻ ബാബു എന്നിവരുടെ ഒന്നര ഹെക്ടർ പച്ചക്കറി കൃഷിയും പൂർണമായും നശിച്ചു.നന്ദിയോട്, പ്ലാവറ, വഞ്ചുവം തുടങ്ങിയ സ്ഥലങ്ങളിൽ റോഡിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസപ്പെട്ടു.പ്ലാവറ നിന്നും പച്ച ക്ഷേത്രത്തിലേക്കുള്ള റോഡ് പൂർണമായും ഒറ്റപ്പെട്ടു.പാലോട് ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ള ബിസ്മില്ലാ ചിക്കൻ സ്റ്റാളിൽ വാമനപുരം നദി കരകവി‌ഞ്ഞതിനെ തുടർന്ന് വെള്ളം കയറി നൂറിലധികം കോഴികൾ ചത്തു. മീൻ മുട്ടി ഡാം ഷട്ടറുകൾ തുറന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.

മലയോരത്ത് റോഡ് തോടായി

വെള്ളറട: ശക്തമായ മഴയിൽ മലയോരത്ത് റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പ്രദേശങ്ങളിൽ കൃഷി വ്യാപകമായി നശിച്ചു. തോടുകൾ കരകവിഞ്ഞ് ഒഴുകി. വ്യാഴാഴ്ച രാത്രിയോടെ ആരംഭിച്ച മഴയ്ക്ക് ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് നേരിയ ശമനമുണ്ടായത്. കലിങ്കുനട, ചൂണ്ടിക്കൽ തോടുകൾ പുലർച്ചെ കരകവിഞ്ഞ് സമീപത്തെ കൃഷിയിടങ്ങളിൽ വെള്ളം കയറി. തേക്കുപാറ, കാക്കതൂക്കി റോഡിൽ നിരപ്പു മുതൽ മരപ്പാലം വരെ വെള്ളം നിറഞ്ഞു. മരപ്പാലത്തെ അരുവിക്കര ആറിലും ജലനിരപ്പ് ഉയർന്നു. കുടപ്പനമൂട്, കൂട്ടപ്പൂ റോഡിൽ കുടപ്പനമൂട് കയറ്റത്ത് മണ്ണിടിഞ്ഞ് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. ശക്തമായ മലവെള്ളപാച്ചിൽ കാരണം അതിർത്തിയിലെ ചിറ്റാർ ഡാമിലും ജലം ഒഴുകിയെത്തി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ വ്യാപകമായി വാഴ, കപ്പ, പച്ചക്കറി കൃഷികൾ നശിച്ചു. വർഷങ്ങൾക്കു ശേഷം വാഴിച്ചൽ മാടശ്ശേരി വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് ക്രമാതീതമായി വർദ്ധിച്ചു. ശക്തമായ മഴവെള്ള പാച്ചിലിൽ വെട്ടുകുറ്റിയിൽ പ്രജസോമന്റെ മതിൽ തകർന്നു.

വീടുകൾ വെള്ളത്തിലായി

പൂവാർ: കനത്ത മഴയിൽ അടിമലത്തുറയിലും സമീപ പ്രദേശങ്ങളിലും റോഡുകളിലും വീടുകളിലും വെള്ളം കയറി. ചെറിയ മഴയിലും ശക്തമായ തിരയിലും തീരത്തെ വീടുകളിൽ വെള്ളം കയറുന്നത് പതിവാണ്. മഴവെള്ളം ഓടകളിലൂടെ ഒഴുകി തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ എത്തുന്നതാണ് വീടുകളിൽ വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. വിഴിഞ്ഞത്തു നിന്നും ഫയർഫോഴ്‌സ് എത്തി വെള്ളം പമ്പ് ചെയ്ത് മാറ്റിയാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. കോട്ടുകാൽ പഞ്ചായത്തിലെ അടിമലത്തുറ അമ്പലത്തുംമൂല വാർഡിലെ അമലോത്ഭവ മാതാ ദേവാലയം മുതൽ കെ.ജി ജംഗ്‌ഷൻ വരെയാണ് ഓട നിർമ്മിച്ചിട്ടുള്ളത്. തുടർന്ന് കരിച്ചൽ കായൽ വരെ ഓട നിർമ്മിച്ചാൽ മാത്രമേ ഈ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിയുകയുള്ളൂ എന്നാണ് വാർഡ് മെമ്പർ പറയുന്നത്. ഇതിനായി പഞ്ചായത്ത് 6.5 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 12 ലക്ഷം രൂപയും അനുവദിക്കുകയും കരാർ നൽകുകയും ചെയ്തു.

ഗ്രാമീണ മേഖലയിൽ വ്യാപക നാശം

കാട്ടാക്കട:കനത്ത മഴയിൽ ഗ്രാമീണമേഖലയിൽ വ്യാപക നാശം. വീടുകൾ, സ്ഥാപനങ്ങൾ, കൃഷിയിടങ്ങൾ, കോഴി ഫാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി വ്യാപകമായ നാശനഷ്ടമുണ്ടായി. കാട്ടാക്കട താലൂക്കിലെ മണ്ണൂർക്കര, വിളപ്പിൽ അമ്പൂരി, പ്രദേശങ്ങളിലും നെടുമങ്ങാട് താലൂക്കിലെ വിവിധ പ്രദേശങ്ങളിലുമാണ് വ്യാപക നഷ്ടമുണ്ടായത്. നെയ്യാറിന്റെ കരകളിൽ താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശവും നൽകി. കുറ്റിച്ചൽ ജംഗ്ഷൻ, ഉത്തരം കോട്,ചപ്പാത്ത്, അടി കോട്ടൂർ, കോട്ടൂർ ജംഗ്ഷന് സമീപം എന്നിവിടങ്ങളിൽ വെള്ളം കയറി. കുമ്പിൾ മൂട് തോട് കരകവിഞ്ഞു. കോട്ടുർ സേവാഭാരതിയുടെ ബാലികാസദനത്തിന്റെ വലത് ഭാഗത്തെ കോൺക്രീറ്റ് മതിൽ ഇടിഞ്ഞു. ഉത്തരംകോട്, വാഴപ്പള്ളി പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. ചിലരെ മാറ്റി പാർപ്പിച്ചു. കാരിയോട് പ്രദേശത്തെ ഏല വെള്ളത്തിനടിയിലായി.

കോട്ടൂർ, ഉത്തരംകോട് മേഖലയിലെ പല പ്രദേശങ്ങളും വെള്ളത്തിലായിട്ടുണ്ട്. മുണ്ടണി, ചപ്പാത്ത് മുതൽ പച്ചക്കാട് ജംഗ്ഷൻ വരെ വെള്ളമെത്തി.കുറ്റിച്ചൽ നിലമ പ്രദേശങ്ങളിൽ വെള്ളം കയറി വ്യാപകമായ നാശമുണ്ടായി. നെയ്യാർ ഡാമിൽ ഫിഷറീസ് ഹാച്ചറി പൂർണമായും വെള്ളത്തിനടിയിലായി. കാട്ടാക്കട, മഠത്തിക്കോണം,പുളിങ്കോട്, തുടങ്ങി വിവിധ പ്രദേശങ്ങളിലും വ്യാപകമായ കൃഷിനാശം ഉണ്ടായി.ആര്യനാട് 33 കെ.വി. സബ് സ്റ്റേഷന് സമീപത്തെ വീടുകളിൽ വെള്ളം കയറി. ആര്യനാട് ഡിപ്പോയിലെ കണ്ടക്ടർ മണിക്കട്ടന്റെ വീട് പൂർണമായി വെള്ളത്തിനടിയിലായി. വീട്ടുസാധനങ്ങൾക്ക് നാശം സംഭവിച്ചു.

ഉരുൾപ്പൊട്ടൽ ഭീതിയിൽ

വിതുര: കഴിഞ്ഞ ദിവസം രാത്രി മുതൽ പുലർച്ച വരെ പെയ്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി ഗൃഹോപകരണങ്ങൾ നശിച്ചു. വലിയതോതിൽ കൃഷിനാശവും ഉണ്ടായി. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വിതുര,​ തൊളിക്കോട്,​ ആര്യനാട് എന്നീ പ്രദേശങ്ങളിലാണ് കൂടുൽ നാശം ഉണ്ടായത്. തൊളിക്കോട് കല്ലാർ റോഡിലും വിതുര തെന്നൂർ പാലോട് റൂട്ടിലും വെള്ളം കയറിയതിനാൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.പൊൻമുടി ഭാഗത്തുണ്ടായ വെള്ളപ്പാച്ചിലിൽ ബി.ജെ.പിയുടെ പാർട്ടി ഓഫീസിലും പെട്രോൾ പമ്പിലും വെള്ളം കയറി. തൊളിക്കോട് പഞ്ചായത്തിലെ മുക്കുവൻതോട്, ആടാംമൂഴി, ചായം, പനക്കോട്, ആനപ്പെട്ടി, പുളിമൂട് മേഖലയിലും വെള്ളം കയറി നാശനഷ്ടം ഉണ്ടായി.വിതുര വില്ലേജ് ഫാമിൽ വെള്ളം കയറി സ്റ്റോക്ക് ചെയ്തിരുന്ന മത്സ്യകുഞ്ഞുങ്ങൾ ഒഴുകിപ്പോയി. ഫാമിലെ കോഴികളും ചത്തു. പത്ത് ലക്ഷത്തോളം രൂപയുടെ നാശമുണ്ടായതായി ഫാം ഉടമ ഷാഫി പറഞ്ഞു. തൊളിക്കോട് പഞ്ചായത്തിലെ മേത്തോട്ടം മേഖലയിൽ നേരിയ തോതിൽ ഉരുൾ പൊട്ടൽ ഉണ്ടായി.മലയുടെ അടിവാരത്ത്‌ നൂറിൽപ്പരം കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്. പാറയും മരങ്ങളും വെള്ളപ്പാച്ചിലിൽ ഒഴുകി വന്നെങ്കിലും ആളപായം ഉണ്ടായില്ല. മലയുടെ അടിവാരത്ത്‌ താമസിക്കുന്നവർ ഉരുൾപ്പൊട്ടൽ ഭീതിയിലാണ്. വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ പെയ്തതിനെ തുടർന്ന് പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയർന്നു.