g

തണ്ണിത്തോട്: നാടൻ തോക്ക് നിർമ്മിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം പിടിയിലായ തേക്കുത്തോട് തുമ്പാക്കുളം മനീഷ് ഭവനത്തിൽ മോഹനൻ (54) വർഷങ്ങളായി മൃഗവേട്ടയും വ്യാജചാരായ നിർമ്മാണവും നടത്തിവന്നിരുന്നതായി കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 5 തോക്കുകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലായിരുന്നു. തോക്കിന്റെ കുഴലുകൾ, വെടിമരുന്ന്, ഉണ്ട, ഈയം എന്നിവ കണ്ടെത്തി. തോക്കിന്റെ ഭാഗങ്ങൾ തടിയിൽ നിർമ്മിച്ചു വരികയായിരുന്നു. വനമേഖലയോടു ചേർന്ന മോഹനന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നാല് മാൻ കൊമ്പുകളും 1 ലിറ്റർ ചാരായവും 70 ലിറ്റർ കോടയും കണ്ടെത്തി. തോക്ക് കണ്ടെത്തിയ സംഭവത്തിൽ പൊലീസിന് റിപ്പോർട്ട് നൽകുകയും ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തതിൽ എക്‌സൈസ് കേസെടുക്കുകയും ചെയ്തു. മൃഗവേട്ടയ്ക്ക് കേസ് ചാർജ് ചെയ്ത് മോഹനനെ റിമാൻഡ് ചെയ്തു.