തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ കൂടി കേരളം വിടുന്നു.
കൃഷി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയും കാർഷികോല്പാദന കമ്മിഷണറുമായ ദേവേന്ദ്ര കുമാർ സിംഗാണ് കേന്ദ്ര ഡെപ്യുട്ടേഷനിലേക്ക് പോകുന്നത്. സംസ്ഥാനത്ത് നിന്ന് വിടുതലിന് പൊതുഭരണ വകുപ്പ് അനുമതി നൽകി.
1989 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ദേവേന്ദ്ര കുമാർ സിംഗ് കേന്ദ്ര സൂക്ഷ്മ ചെറുകിട വ്യവസായ മന്ത്രാലയത്തിൽ അഡിഷണൽ സെക്രട്ടറിയായാണ് പോകുന്നത്. സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമം നേരിടുമ്പോഴാണ് കൂടുതൽ ഉദ്യോഗസ്ഥർ സംസ്ഥാനം വിടുന്നത്. പല സെക്രട്ടറിമാരും ഒട്ടേറെ വകുപ്പുകളുടെ അധിക ചുമതല വഹിക്കുന്നുണ്ട്.