കോവളം: നിർമ്മാണം നടന്നുകൊണ്ടിരുന്ന കുന്നിൻ മുകളിലെ വീടിന്റെ ചുറ്റുമതിൽ ശക്തമായ മഴയിൽ ഇടിഞ്ഞ് സമീപവാസിയുടെ വീട് തകർന്നു. പാച്ചല്ലൂർ അയിരയിൽ ചീലാന്തിവിള വീട്ടിൽ അശോകന്റെ ഷീറ്റിട്ട വീടിനാണ് നാശനഷ്ടമുണ്ടായത്. ഇന്നലെ പുലർച്ചെ 5ഓടെയായിരുന്നു സംഭവം. 12 അടിയോളം ഉയരമുള്ള കോൺക്രീറ്റ് മതിൽ വീടിന് മുകളിൽ ഇടിഞ്ഞുവീഴുകയായിരുന്നു. സംഭവ സമയം വീട്ടിൽ അശോകൻ മാത്രമേ ഉണ്ടായിരുന്നുള്ളു. വീടിന്റെ ഹാൾ, അടുക്കള, വാട്ടർ ടാങ്ക്, പാത്രങ്ങൾ, ഗ്യാസ് സ്റ്റൗ എന്നിവയ്‌ക്കും സമീപത്തെ ഇലക്ട്രിക് പോസ്റ്റിനും കേടുപാടുണ്ട്. അശോകന്റെ പരാതിയെ തുടർന്ന് കോവളം പൊലീസും കെ.എസ്.ഇ.ബി തിരുവല്ലം സെക്‌ഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.