തിരുവനന്തപുരം: നബാർഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി കെ.വി.ഷാജിയെ നിയമിച്ചു. ഇപ്പോൾ കനറാ ബാങ്ക് ജനറൽ മാനേജരായ കെ.വി.ഷാജി തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തിനടുത്ത മംഗലത്തുകോണം സ്വദേശിയാണ്. അഗ്രികൾച്ചറൽ സയൻസിൽ എം.എസ് സി ബിരുദവും അഹമ്മദാബാദ് ഐ.ഐ.എമ്മിൽ നിന്ന് ഒന്നാം റാങ്കോടെ എം.ബി.എയും കരസ്ഥമാക്കിയ ഷാജി അലിഗഡിലെ ശ്രേയസ് ഗ്രാമീൺ ബാങ്ക് ജനറൽ മാനേജർ, കനറാ ബാങ്കിന്റെ ഗുജറാത്തിലെ എസ്.എം.ഇ ഫിനാൻസ് വിഭാഗം മേധാവി, സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് ചെയർമാൻ, ലയനത്തിന് ശേഷമുള്ള കേരള ഗ്രാമീൺ ബാങ്ക് ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2017ലാണ് കനറാ ബാങ്ക് ജനറൽ മാനേജരായി നിയമിതനായത്. നിലവിൽ നബാർഡ് ഡെപ്യൂട്ടി എം.ഡിയായ ചിന്താല ഗോവിന്ദ രാജുലുവാണ് നബാർഡിന്റെ പുതിയ ചെയർമാൻ.
കെ.വി.ഷാജിയുടെ നിയമനം കേരളത്തിന് കൂടുതൽ ഗുണം ചെയ്യും. മലയാളിയായി ഒരാൾ തലപ്പത്തുവരുന്നതോടെ ഗ്രാമീണവികസനത്തിനുള്ള പദ്ധതികൾ കേരളത്തിന് അർഹമായത് നേടിയെടുക്കാൻ കഴിയും. മംഗലത്തുകോണം എസ്.എൻ സദനത്തിൽ റിട്ട. ഹെഡ്മാസ്റ്ററായ പി.കൃഷ്ണന്റെയും ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ച പരേതയായ വി.ജെ.വിമലാനന്ദവല്ലിയുടെയും മകനാണ്. ഹിരൺമയി പ്രസന്നയാണ് ഭാര്യ. ദേവയാനി കൃഷ്ണൻ, കാർത്യായനി കൃഷ്ണൻ എന്നിവർ മക്കൾ.