തിരുവനന്തപുരം: വൈറസ് ബാധ തടയുന്നതിന് രാപകൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നവീന രീതിയിലുള്ള ഭാരം കുറഞ്ഞ 2000 ഫേസ് ഷീൽഡുകൾ പൊലീസിന് ലഭ്യമാക്കിയിട്ടുണ്ട്. മഴക്കോട്ട് പി.പി.ഇ കിറ്റായി രൂപാന്തരപ്പെടുത്താൻ പൊലീസിനെ ഐ.എം.എ സഹായിക്കും. ശരീരം മുഴുവൻ മൂടുന്ന മഴക്കോട്ടും മറ്റ് ആവരണങ്ങളും കഴുകി ഉപയോഗിക്കാം. മഴയിൽ നിന്നും വൈറസിൽ നിന്നും ഒരുപോലെ സംരക്ഷണം ലഭിക്കും.
ഗാർഹികപീഡനം തടയുന്നതിനായി എല്ലാ ജില്ലകളിലും പൊലീസിന്റെ ഗാർഹിക സംഘർഷ പരിഹാര കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി. 340 പരാതികളിൽ 254 എണ്ണം കൗൺസലിംഗിലൂടെ പരിഹരിച്ചു. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിലനിറുത്തുന്ന രീതിയിലാണ് കൗൺസലിംഗ്.
റെയിൽപാളത്തിലെ
സഞ്ചാരം പാടില്ല
ജനങ്ങൾ റെയിൽപ്പാതകളിലൂടെ നടക്കുന്നതും ഇരിക്കുന്നതും ഒഴിവാക്കണം. ഗുഡ്സ് ട്രെയിനുകളും പ്രത്യേക ട്രെയിനുകളും അപ്രതീക്ഷിതമായി കടന്നുവന്നേക്കാം. പാളത്തിലൂടെ നടക്കുന്നവരെ പൊലീസ് തടയും. ബസുകളിലും ഓട്ടോകളിലും അനുവദിച്ചതിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നു. മാസ്ക് ധരിക്കാതെയും യാത്രയുണ്ട്. ഇത് തടയാനും കേസ് എടുക്കാനും പൊലീസിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.