ഒൗദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച
മുംബയ് : ഇൗവർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ആസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് മാറ്റിവയ്ക്കുമെന്ന് ഏറക്കുറെ ഉറപ്പായി. ഇത് സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച നടക്കുന്ന ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഉന്നതതല ടെലികോൺഫറൻസിന് ശേഷം ഉണ്ടാകും.
കൊവിഡിനെ പ്രതിരോധിക്കാനായി സെപ്തംബർ പകുതിവരെ ആസ്ട്രേലിയ വ്യോമ-നാവിക-കര അതിർത്തികൾ അടച്ചിട്ടിരിക്കുന്നതിനാലാണ് ലോകകപ്പ് മാറ്റുന്നതെന്നാണ് ഐ.സി.സി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ മാറ്റിവച്ചിരിക്കുന്ന ഐ.പി.എൽ ലോകകപ്പിന്റെ സമയത്ത് നടത്താനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സമ്മർദ്ദമുണ്ടെന്ന് സൂചനയുണ്ട്.
16 ടീമുകൾ പങ്കെടുക്കേണ്ട ടൂർണമെന്റ് നിലവിലെ സാഹചര്യത്തിൽ തങ്ങൾക്ക് നടത്തുക പ്രയാസമാണെന്ന നിലപാടിലാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. നേരത്തെ 2022 ലേക്ക് ലോകകപ്പ് മാറ്റുമെന്ന് ശ്രുതിയുണ്ടായിരുന്നുവെങ്കിലും മൂന്ന് ഒാപ്‌ഷനുകളാണ് ഇപ്പോൾ ഐ.സി.സിക്ക് മുന്നിലുള്ളതെന്നാണ് അറിയുന്നത്. ഇതേപ്പറ്റിയും ടെലികോൺഫറൻസിൽ ചർച്ചയുണ്ടാകും.
പുതിയ ചെയർമാൻ തിരഞ്ഞെടുപ്പും ഐ.സി.സി യോഗത്തിൽ ചർച്ചയാകും. സ്ഥാനമൊഴിയുന്ന ശശാങ്ക് മനോഹറിന് പകരക്കാരനാകാൻ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഡയറക്ടർ ഗ്രേം സ്മിത്ത് സ്വാഗതം ചെയ്തിരുന്നു.
ലോകകപ്പ് പ്ളാനുകൾ
പ്ളാൻ എ
2021 ഫെബ്രുവരി/മാർച്ച് മാസങ്ങളിലായി ലോകകപ്പ് നടത്തുക. എന്നാൽ ഇത് ഇംണ്ട്ളണ്ടിന്റെ ഇന്ത്യൻ പര്യടനത്തെ ബാധിക്കും. മാത്രവുമല്ല തൊട്ടുപിന്നാലെ ഐ.പി.എല്ലും വരാനുണ്ട്. രണ്ട് വലിയ ട്വന്റി 20
ടൂർണമെന്റുകൾ അടുത്തടുത്ത് വരുന്നത് കാണികൾക്ക് മടുപ്പുണ്ടാക്കുമോ എന്ന് രണ്ട് ടൂർണമെന്റുകളുടെയും സംപ്രേഷണാവകാശം നേടിയിട്ടുള്ള സ്റ്റാർ ഗ്രൂപ്പിന് സംശയമുണ്ട്.
പ്ളാൻ ബി
2021 ൽ എട്ടാമത്തെ ട്വന്റി 20 ലോകകപ്പ് ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഇൗസമയം ആസ്ട്രേലിയയിൽ ലോകകപ്പ് നടത്താനായി വിട്ടുകൊടുക്കുകയും ഇന്ത്യ 2022 ൽ ലോകകപ്പ് നടത്തുകയും ചെയ്യുകയാണ് രണ്ടാമത്തെ ഒാപ്ഷൻ.
പ്ളാൻ സി
ആസ്ട്രേലിയയിലെ ലോകകപ്പ് 2022 ലേക്ക് മാറ്റുക. ബി.സി.സി.ഐയുമായി വച്ചുമാറൽ വേണ്ടിവരില്ല. ഇൗ പ്ളാനിനാണ് ഐ.സി.സി പ്രാധാന്യം നൽകുകയെന്ന് അറിയുന്നു. 2022 ൽ വേറെ ഐ.സി.സി ടൂർണമെന്റുകൾ നിശ്ചയിച്ചിട്ടില്ലാത്തതും അനുകൂല ഘടകമാണ്.