തിരുവനന്തപുരം : കൊവിഡ് രോഗികൾ പെരുകുന്നതിനിടയിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയത് ജീവിക്കാനാണ്, ആഘോഷിക്കാനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുഗതാഗതം ഭാഗികമായി ആരംഭിച്ചതോടെ പല സ്ഥലങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളെയും വയോജനങ്ങളെയും കൂട്ടി പുറത്തിറങ്ങുന്ന സ്ഥിതിയുണ്ട്. റിവേഴ്‌സ് ക്വാറന്റൈൻ നിർദേശിക്കുന്നത് വൃദ്ധർക്കും കുട്ടികൾക്കും മറ്റു രോഗികൾക്കും വൈറസ് ബാധ ഉണ്ടാകാതിരിക്കാനാണ്. ഇക്കാര്യങ്ങൾ മറന്നുപോകുന്ന സ്ഥിതിയുണ്ടാകരുത്. ഇതൊന്നും അടിച്ചേൽപ്പിക്കേണ്ട കാര്യങ്ങളല്ല. സ്വയം ചെയ്യേണ്ടതാണ്. അത് മറന്നുപോകുമ്പോഴാണ് കേസെടുക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.