തിരുവനന്തപുരം: കൊവിഡ് 19ന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ഭാഗത്തുനിന്നും വ്യാപാര മേഖലയ്ക്ക് ഒരു സഹായവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ഒരുലക്ഷം കത്തുകൾ അയച്ചു. ജില്ലാതല ഉദ്ഘാടനം തിരുമല പോസ്റ്റ് ഒാഫീസിൽ യൂത്ത് വിംഗ് ജില്ലാപ്രസിഡന്റ് തങ്കം എ. രാജന്റെ അദ്ധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വൈ. വിജയൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാസെക്രട്ടറി സുധാകരൻ, ജില്ലാ കമ്മിറ്റി അംഗം തിരുമല സതീഷ്, യൂത്ത് വിംഗിന്റെ ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.