ന്യൂഡൽഹി : ആഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം പര്യടനം നടത്താൻ ബി.സി.സി.ഐ സമ്മതിച്ചതായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ അവകാശവാദം ശരിയല്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ട്രഷറർ അരുൺ ധുമാൽ.
ദക്ഷിണാഫ്രിക്കയിലേക്ക് ആഗസ്റ്റിൽ മൂന്ന് ട്വന്റി 20 കളുടെ പരമ്പരയ്ക്ക് ഇന്ത്യ സമ്മതിച്ചതായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഡയറക്ടർ ഗ്രേം സ്മിത്തും സി.ഇ.ഒ ജാക്വസ് ഫോളും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കൊവിഡ് ലോക്ക് ഡൗണിനെത്തുടർന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര റദ്ദാക്കിയതുകൊണ്ടാണ് ബി.സി.സി.ഐ പര്യടനത്തിന് സമ്മതിച്ചതെന്നും ഇവർ പറഞ്ഞിരുന്നു.
എന്നാൽ മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ സർക്കാർ അനുമതി നൽകാത്തതിനാൽ ഒരു രാജ്യവുമായും ഒരു പരമ്പരയ്ക്കും ഉറപ്പ് നൽകാനാവില്ലെന്ന് ധുമാൽ പറഞ്ഞു. നേരത്തെ ഐ.സി.സി പ്രഖ്യാമിച്ച ടൂർ പ്രോഗ്രാം പ്രകാരം ജൂലായിൽ ശ്രീലങ്കയിലേക്കും തുടർന്ന് സിംബാബ്‌വെയിലേക്കും പര്യടനം നടത്തേണ്ടതുണ്ട്. എന്നാൽ ഇൗ കാര്യത്തിൽ പോലും ഉറപ്പ് നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് എങ്ങനെ ഉറപ്പ് നൽകാനാകും എന്നാണ് ധുമൽ ചോദിക്കുന്നത്.
'ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം പാതിവഴിക്ക് നിറുത്തേണ്ടി വന്നപ്പോൾ സാഹചര്യം ഒത്തുവന്നാൽ ഇന്ത്യ പര്യടനം നടത്തുന്നത് പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു. അല്ലാതെ ഒരു ഉറപ്പും ദക്ഷിണാഫ്രിക്കയ്ക്ക് നൽകിയിട്ടില്ല.
അരുൺ ധുമാൽ
ബി.സി.സി.ഐ ട്രഷറർ