വെഞ്ഞാറമൂട് : പൊലിസ് ട്രെയിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം നിറുത്താതെ പോയ കാർ നാട്ടുകാർ തടഞ്ഞ് പൊലീസിനെ ഏല്പിച്ചു. ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന ആർ.ടി.പി.സി ട്രെയിനി കോൺസ്റ്റബിൾ ആലിയാട് പാറയ്ക്കൽ ലക്ഷ്മി നിവാസിൽ പ്രിജിതിനെ (25) ഇടിച്ചു തെറിപ്പിച്ച ശേഷം നിറുത്താതെ പോയ കാറാണ് തടഞ്ഞത്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ ആലിയാടുള്ള വീട്ടിൽ നിന്ന് ഡ്യൂട്ടിക്കായി ബൈക്കിൽ വെഞ്ഞാറമൂട്ടിലേക്ക് വരവെ മൂളയത്തു വച്ച് എതിരെ വന്ന കാർ ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശേഷം നിറുത്താതെ അമിത വേഗതയിൽ പോയ കാർ നാട്ടുകാർ തടഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നു പേർ മദ്യലഹരിയിലായിരുന്നെന്നും വാറ്റു ചാരായം നിറച്ച കുപ്പികളും വണ്ടിക്കുള്ളിൽ ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. പിടിയിലായവർക്കെതിരെ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. അപകടത്തിൽ പരിക്കേറ്റ പ്രിജിത്തിനെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.