പാറശാല: വ്യാജ വാറ്റുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് മുര്യങ്കര വെട്ടുവിള പുത്തൻ വീട്ടിൽ മണിയൻ എന്നറിയപ്പെടുന്ന സെൽവരാജിനെ (55) കൊലപ്പെടുത്തുകയും സെൽവരാജിന്റെ അനുജനും സമീപവാസിയുമായ ബിനുവിനെ (ചിപ്പയ്യൻ) ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. ഒന്നാം പ്രതി ജയൻ എന്നറിയപ്പെടുന്ന സനു (39) ആണ് പാറശാല പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 25 ന് രാത്രിയിലായിരുന്നു സംഭവം. വ്യാജ വാറ്റ് നടത്തിയ വിവരം പൊലീസിന് കൈമാറിയതിനെ തുടർന്നുള്ള തർക്കങ്ങളാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. കള്ളക്കടത്ത്, കഞ്ചാവ് വിപണനം, വ്യാജവാറ്റ്, കൂലിത്തല്ല്, അടിപിടി തുടങ്ങി നിവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾ ഒരാളുടെ കാൽവെട്ടിയ കേസുമായി ബന്ധപ്പെട്ട് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്തായിരുന്നു കൊലപാതകം നടത്തിയത്. കേസിലെ രണ്ടാം പ്രതിയും സനുവിന്റെ പിതാവുമായ സുന്ദരനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പാറശാല സ്റ്റേഷന് 200 മീറ്റർ മാത്രം അകലെയുള്ളള്ള പ്രതിയെ പിടികൂടാത്തതിനെതിരെ നാട്ടുകാരുടെ ഇടയിൽ വൻപ്രതിഷേധം ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.