general

ബാലരാമപുരം: കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ വീട്ടിലേക്ക് മരം കടപുഴകി വീണു. തേമ്പാമുട്ടം കാറാത്തല കുഴിവിള പുത്തൻവീട്ടിൽ ബേബിയുടെ വീടിനാണ് ശീമപ്ലാവ് വീണ് നാശനഷ്ടം സംഭവിച്ചത്. വീടിന്റെ ചുവരിനും ഷീറ്റ് മേഞ്ഞമേൽക്കൂരയ്ക്കുമാണ് ക്ഷതം സംഭവിച്ചത്. വീട് അപകടാവസ്ഥയിലായതോടെ വരും ദിവസങ്ങളിൽ വീട്ടിൽ ഭീതിയോടെ കഴിയേണ്ട സാഹചര്യമാണെന്ന് ബേബി ജനപ്രതിനിധികളെ അറിയിച്ചു.അഡ്വ. എം. വിൻസെന്റ് എം.എൽ.എ,​ വില്ലേജ് ഓഫീസർ,​പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി എന്നിവർ സ്ഥലം സന്ദർശിച്ചു. തലയൽ ഏലായിൽ മഴവെള്ളം കയറി വാഴക്കൃഷി നശിച്ചു.കുലയ്ക്കാറായ നിരവധി വാഴകളും ഒടിഞ്ഞു വീണു. ഇറിഗേഷൻ കനാലുകൾ നിറഞ്ഞ് ഒഴുകി. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സർക്കാർ ധനസഹായവും പുനരധിവാസവും സർക്കാർ സംവിധാനം വഴി പഞ്ചായത്ത് വില്ലേജ് ഓഫീസുകൾ വഴി നടപ്പാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.