loknath-behera-pinarayi

തിരുവനന്തപുരം: ആഭ്യന്തര വിമാനയാത്രക്കാർക്ക്, ഇപ്പോൾ ട്രെയിനുകളിൽ എത്തുന്നവർക്കുള്ള ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളും ക്വാറന്റൈനുമായിരിക്കും ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ താമസിക്കാൻ വരുന്നവർ നിർബന്ധമായും 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതേസമയം, ഒന്നോ രണ്ടോ ദിവസത്തെ ബിസിനസ് ആവശ്യത്തിന് വന്ന് മടങ്ങുന്നവർക്ക് അതാവശ്യമില്ല .ആഭ്യന്തര വിമാന യാത്രക്കാർക്ക് 14 ദിവസത്തെ ക്വാറന്റൈൻ വേണ്ടെന്നാണ് കേന്ദ്ര നിലപാട്. കേരളത്തിന്റെ കൊവിഡ് ജാഗ്രതാ സൈ​റ്റിൽ ആഭ്യന്തര വിമാന യാത്ര സംബന്ധിച്ച വിവരങ്ങൾ ഉടൻ ചേർക്കും.

കുവൈ​റ്റിൽ നിന്നു മലയാളികളെ തിരിച്ചുകൊണ്ടുവരാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നില്ലെന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണ്. മലയാളികൾ നാട്ടിലേക്ക് തിരിച്ചു വരുന്നതിന് സർക്കാർ ഒരു തടസ്സവും സൃഷ്ടിക്കുന്നില്ല.സംസ്ഥാനത്തിന്റെ പ്രത്യേകമായ അംഗീകാരം ആവശ്യമുണ്ടെങ്കിൽ അതിനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവനെ ബന്ധപ്പെടാം.. ചാർട്ടേർഡ് വിമാനങ്ങൾ ഉൾപ്പെടെ കേരളത്തിലേക്ക് വരുന്നതിന് തടസ്സമില്ല. ഇതുമായി ബന്ധപ്പെട്ട വിവരം ആദ്യം കേന്ദ്രത്തെയാണ് അറിയിക്കേണ്ടത്.

ജനശതാബ്ദി സ്റ്റോപ്പ് ജില്ലാ കേന്ദ്രങ്ങളിൽ

ജനശതാബ്ദി സ്പെഷ്യൽ ട്രെയിനുകൾ രാജധാനി എക്സ്പ്രസ് നിറുത്തുന്ന ജില്ലാകേന്ദ്രങ്ങളിൽ മാത്രം നിറുത്തിയാൽ മതിയെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.. കൂടുതൽ സ്റ്റോപ്പുണ്ടായാൽ സുരക്ഷാ ക്രമീകരണം പ്രശ്നമാണ്. 108 ആംബുലൻസ് ഡ്രൈവർമാരുടെയും ടെക്നീഷ്യന്മാരുടെയും ശമ്പളം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.