തിരുവനന്തപുരം: ലോക്ക് ഡൗൺ കാരണം അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളുടെ ഫിക്സഡ് ചാർജിൽ ഇളവു നൽകാനും പലിശ ഒഴിവാക്കാനും കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. വലിയ ബില്ല് ഒരുമിച്ച് അടയ്ക്കേണ്ട അവസ്ഥയിലാണ്. എം.എസ്.എം.ഇകൾക്ക് വായ്പയുടെ 20 ശതമാനം പുതിയ ഈടില്ലാതെ നൽകുമെന്ന കേന്ദ്രപ്രഖ്യാപനം നേടിയെടുക്കാൻ പരമാവധി ശ്രമിക്കും. ഇതു സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതിന് പ്രത്യേക പോർട്ടൽ തുടങ്ങും.
പ്രവാസി ക്ഷേമനിധിയിൽ അംശദായം അടയ്ക്കാൻ കഴിയാത്തവർക്ക് അംഗത്വം പുതുക്കാൻ ആറുമാസത്തേക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കിയതായും കുടിശിക ഒറ്റത്തവണയായി അടച്ച് അംഗത്വം പുനഃസ്ഥാപിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.