മുടപുരം: അദ്ധ്യയന വർഷത്തിന്റെ അവസാനത്തോടെ കൊവിഡിനെ തുടർന്നുള്ള അടച്ചിടൽ മൂലം പാരലൽ കോളേജ് മേഖലയിലുള്ളവർ കടക്കെണിയിലായി. മാർച്ച് മാസത്തോടെ വർഷാവസാനം ലഭിക്കേണ്ട ഫീസ് കുടിശ്ശിക പൂർണമായും നഷ്ടമായി. വാടകയ്ക്കെടുത്ത കെട്ടിടത്തിനും സ്ഥലത്തിനും കഴിഞ്ഞ മൂന്ന് മാസമായി പതിനായിരങ്ങൾ ഒരു വരുമാനവുമില്ലാതെ ഇവർ വാടക നൽകേണ്ടി വരുന്നു. ഇത് പാരലൽ കോളേജ് നടത്തിപ്പുക്കാർക്ക് വൻ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി.
വിദ്യാർത്ഥികളിൽ വലിയ ഒരുവിഭാഗം പലപ്പോഴും ഗഡുക്കളായി ഫീസ് നൽകുന്നവരാണ്. വിദേശങ്ങളിൽ ജോലി ചെയ്യുന്ന രക്ഷാകർത്താക്കൾക്ക് അത് വലിയ സൗകര്യമാണ്. കൊവിഡ് കാലം പ്രവാസികളുടെ നിത്യജീവിതത്തിനു പോലും പ്രതിസന്ധി തീർത്ത ഘട്ടത്തിൽ, ഫീസ് കുടിശ്ശിക ചിന്തിക്കാൻ പോലുമാകുന്നില്ലെന്ന് പൊതുപ്രവർത്തകനും അദ്ധ്യാപകനും ചിറയിൻകീഴ് പുളിമൂട് ജംഗ്ഷനിൽ ഇൻഡക്സ് എന്ന പാരലൽ കോളേജ് നടത്തിപ്പുകാരനുമായ ഡി. ബാബുരാജ് പറഞ്ഞു.
വർഷങ്ങളായി ഈ രംഗത്തെ വരുമാനത്തെ മുൻനിറുത്തി മാത്രം കുടുംബജീവിതം നയിക്കുന്ന നിരവധി മുതിർന്ന അദ്ധ്യാപകരും മറ്റു വരുമാനമില്ലാതെ ഇപ്പോൾ കടക്കാരായി. അവരുടെ ഭാവി അനശ്ചിതത്വത്തിലാണെന്നും ഇദ്ദേഹം പറയുന്നു.