തിരുവനന്തപുരം: സാമൂഹ്യ അകലം പാലിക്കണമെന്ന നിബന്ധനെയൊക്കെ വിസ്മരിച്ച് ബസുകളിൽ നിറയെ യാത്രക്കാരെ കയറ്റി പോകുന്നത് പതിവാകുന്നു. സ്വകാര്യബസുകൾ മാത്രമല്ല, കെ.എസ്.ആർ.ടി.സി ബസുകളും യാത്രക്കാരെ കുത്തി നിറച്ചുകൊണ്ട് ഇന്നലെ നിരവധി സർവീസുകൾ നടത്തി.
രണ്ട് സീറ്റുണ്ടെങ്കിൽ ഒരാളെ മാത്രം കയറ്റാൻ പാടുള്ളൂ എന്ന വ്യവസ്ഥയുണ്ടായിരിക്കെ, എല്ലാ സീറ്റിലും ആളെ ഇരുത്തിയും പിന്നെ നിറുത്തിയുമൊക്കെയാണ് പല റൂട്ടിലും ബസുകളോടിയത്. ഇങ്ങനെ എറണാകുളത്ത് സർവീസ് നടത്തിയ രണ്ട് ബസുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബസ് സ്റ്റോപ്പുകളിൽ നിറുത്തുമ്പോൾ യാത്രക്കാർ നിറയെ കയറുന്നതാണ് പ്രശ്നമെന്നാണ് ബസ് ജീവനക്കാർ പറയുന്നു. എന്നാൽ വല്ലപ്പോഴുമുള്ള ബസിൽ കയറാതെ ജോലി സ്ഥലത്തേക്കോ തിരികെ വീട്ടിലേക്കോ പോകുന്നത് എങ്ങനെയെന്നാണ് യാത്രക്കാരുടെ ചോദ്യം. ലോക്ക് ഡൗൺ ഇളവു വന്നതോടെ കടകളും സ്ഥാപനങ്ങളുമൊക്കെ തുറന്നു പ്രവർത്തിക്കുകയാണ്. പരിമിതമായ തോതിലാണ് ബസ് സർവീസ് നടക്കുന്നത്. രാത്രി 7ന് സർവീസുകൾ നിറുത്തുകയും ചെയ്യും. വൈകിട്ട് ആറരയ്ക്ക് പുറപ്പെടുന്ന ബസിൽ യാത്രക്കാർ കൂടുതലായി കയറിയാൽ അടുത്ത ബസിനു വന്നാൽ മതിയെന്നു പറഞ്ഞ് ഇറക്കിവിടാനും ജീവനക്കാർക്ക് കഴിയില്ല.
1850 ബസുകൾ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി ഇന്നലെ ആകെ ഓടിച്ചത് 1432 ബസുകൾ മാത്രമായിരുന്നു.