ബാലരാമപുരം: കെട്ടിടങ്ങൾക്ക് അപകടഭീഷണിയായ പാഴ്മരങ്ങൾ മുറിച്ചുമാറ്റൽ ആരംഭിച്ചു. വീട്ടുടമകളുടെ പരാതി വർദ്ധിച്ച സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണത്തിൽ പഞ്ചായത്ത് നടപടി തുടങ്ങിയത്. ബാലരാമപുരം എം.സി സ്ട്രീറ്റിൽ തെങ്ങ് വൈദ്യുതി ലൈനിലേക്കുമറിഞ്ഞ് പോസ്റ്റ് ഒടിഞ്ഞ് മൻസൂറിന്റെ വീടിന്റെ സൺഷേഡ് തകർന്ന് അയ്യായിരം രൂപയുടെ നാശനഷ്ടം സംഭവിച്ചിരുന്നു. അയൽവാസിയുടെ പുരയിടത്തിലെ അപകടമരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. രണ്ടുതവണ നോട്ടീസ് നൽകിയിട്ടും മരം മുറിക്കാൻ വ്യക്തി തയ്യാറാവാത്തതിനെ തുടർന്ന് പൊലീസ് സംരക്ഷണത്തിൽ പഞ്ചായത്ത് അധികൃതർ മരം മുറിച്ചുമാറ്റുകയായിരുന്നു.