അഞ്ചൽ: ഒരിക്കൽ പാമ്പുകടിയേറ്റ് രക്ഷപ്പെട്ട യുവതി സ്വന്തം വീട്ടിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹത അകറ്റാൻ ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. ഏറം വെള്ളശേരിവീട്ടിൽ വിജയസേനൻ- മണിമേഖല ദമ്പതികളുടെ മകൾ ഉത്തരയുടെ (25) മരണം അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകൻ കഴിഞ്ഞ ദിവസം ഉത്തരയുടെ വീട്ടിലെത്തി തെളിവെടുത്തു.
വീടും പരിസരവും ചുറ്റിനടന്ന് കണ്ട അദ്ദേഹം കുടുംബാംഗങ്ങളോടും അയൽവാസികളോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് സൂരജ് ഉൾപ്പെടെയുള്ളവരുടെ മൊഴി നേരത്തെ അഞ്ചൽ പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസ് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും റൂറൽ എസ്.പി. ഹരിശങ്കർ പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം സൂരജ് ഉൾപ്പെടെയുള്ളവരെ കൂടുതൽ ചോദ്യം ചെയ്യുമെന്നും എസ്.പി പറഞ്ഞു. സൂരജിന്റെ സഹോദരിയിൽ നിന്ന് ഉത്തരയ്ക്ക് നിരന്തരം പീഡനം ഏൽക്കേണ്ടി വന്നതായി ഉത്തരയുടെ മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. മകൾ മരിച്ച് ഏതാനും ദിവസത്തിനുശേഷം സൂരജിന്റെ അടൂരിലെ വീട്ടിൽ അന്വേഷണത്തിനെത്തിയ പൊലീസുകാരെ നാട്ടുകാരെ സംഘടിപ്പിച്ച് സൂരജ് തടയുകയും ബഹളം വയ്ക്കുകയും പരിശോധന തടസപ്പെടുത്തുകയും ചെയ്തിരുന്നു.
വീട്ടിൽ നിന്ന് പണം വാങ്ങിവരാൻ സൂരജ് പലപ്പോഴും ഭാര്യയെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും മകളുടെ സുരക്ഷ ഓർത്ത് പലതവണകളായി ലക്ഷക്കണക്കിന് രൂപ സൂരജിന് നൽകിയിരുന്നതായും അമ്മ മണിമേഖല പറഞ്ഞു. നൂറ് പവനോളം സ്വർണം വിവാഹ സമയത്ത് മകൾക്ക് നൽകിയിരുന്നുവെന്നും ഫെഡറൽ ബാങ്ക് അടൂർ ശാഖയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ഉത്തരയ്ക്ക് പാമ്പുകടിയേറ്റതിന്റെ തലേദിവസം സൂരജ് എടുത്തുകൊണ്ടുപോയതായും വിജയസേനനും മണിമേഖലയും പറഞ്ഞു. സൂരജിന് കാർ വാങ്ങി നൽകിയിരുന്നു. എന്നാൽ സഹോദരിക്ക് കൂടി കാർ വാങ്ങി നൽകണമെന്ന് മകൾ മുഖേന സൂരജ് സമ്മർദ്ദം ചെലുത്തിയിരുന്നതായും അവർ പറഞ്ഞു.