kp
ഷറഫലി, കെ..ടി ചാക്കോ, ബാബുരാജൻ

തിരുവനന്തപുരം: കളിക്കളത്തിലും സംസ്ഥാന പൊലീസ് സേനയിലും രണ്ട് പതിറ്റാണ്ട് നീണ്ട സ്തുത്യർഹസേവനത്തിനൊടുവിൽ കേരളപൊലീസ് ഫുട്ബാൾ ടീമിന്റെ അമരക്കാരായ മൂന്നു പുലിക്കുട്ടികൾ പടിയിറങ്ങുന്നു. കേരള പൊലീസിൽ ഡിവൈ.എസ്.പി മാരായ യു. ഷറഫലി, കെ.ടി. ചാക്കോ, എം. ബാബുരാജൻ എന്നിവരാണ് ഈമാസം 31ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നത്.

സംസ്ഥാന പൊലീസ് സേനയ്ക്കും രാജ്യത്തിനുമായി കളിക്കളങ്ങളിലെന്നപോലെ ഔദ്യോഗിക രംഗത്തും മികച്ച പ്രകടനം നടത്തിയാണ് മൂന്ന് പേരും വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്. ആദ്യ ഫെഡറേഷൻകപ്പ് വിജയത്തിന്റെ ഇരുപതാം വർഷത്തിലാണ്‌ ഇവരുടെ വിരമിക്കൽ. പൊലീസ് ഓഫീസർമാരെന്നതിലുപരി കാൽപ്പന്ത് കളിയുടെ തലതൊട്ടപ്പൻമാരെന്ന പേരിലാണ് ഷറഫലിയും ചാക്കോയും ബാബുരാജും സേനയിലും ഫുട്ബോൾ പ്രേമികൾക്കിടയിലും പ്രശസ്തരായത്. സന്തോഷ് ട്രോഫിയിലും ഫെഡറേഷൻകപ്പിലും രണ്ടുതവണ കേരളത്തെ ട്രോഫിയിൽ മുത്തം വയ്പ്പിച്ച മികച്ച ഗോൾ കീപ്പറാണ് പത്തനംതിട്ട തിരുവല്ല സ്വദേശിയായ കെ.ടി ചാക്കോ.സാഫ് കപ്പ്, ഫെഡറേഷൻ കപ്പ്,​ സന്തോഷ് ട്രോഫി എന്നിവയിൽ ടീം നായകനായിരുന്നു മലപ്പുറം തെരട്ടമ്മൽ സ്വദേശി യു. ഷറഫലി. മോഹൻ ബഗാൻ, മുഹമ്മദൻസ് ടീമുകളിലും റൈറ്റ് വിംഗ് ബാക്കായിരുന്ന ഷറഫലി മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ഫെഡറേഷൻ കപ്പിൽ രണ്ടുതവണ വിജയം മിന്നിച്ച പയ്യന്നൂർ സ്വദേശി എം.. ബാബുരാജനും മികച്ച ട്രാക്ക് റെക്കാഡിനുടമയാണ്.

മൺമറഞ്ഞുപോയ വി.പി. സത്യനും സി. ജാബിറിനുംശേഷം ഫുട്ബോൾ ലോകത്ത് സംസ്ഥാനത്തിനും കേരളപൊലീസിനും അഭിമാനമായിരുന്ന ഇവരുടെ പടിയിറക്കത്തോടെ കളിക്കളങ്ങളിൽ പൊലീസിന് ഇനി പകരക്കാരെ തിരയേണ്ടിവരും.