തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നതിൽ ആശങ്കയുണ്ടെങ്കിലും കടുത്ത നടപടികൾ ഇപ്പോൾ വേണ്ടെന്ന നിലപാടെടുത്ത് സർക്കാർ. വിദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലും നിന്നുള്ളവർ ഇനിയും വരാനുള്ളതിനാൽ രോഗികളുടെ എണ്ണം കൂടുമെന്നുതന്നെയാണ് അധികൃതർ കണക്കുകൂട്ടുന്നത്. കാര്യങ്ങൾ കൈവിട്ടുപോവുകയാണെങ്കിൽ മാത്രമേ പ്രവേശനം നിയന്ത്രിക്കുന്നതടക്കമുള്ള കർശന നടപടിയിലേക്ക് പോകൂ എന്നാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. പ്രതിദിനകേസുകൾ മൂന്നക്കം വരെയാകാനുള്ള സാധ്യത സർക്കാർ കാണുന്നുണ്ട്.
നിലവിൽ സംസ്ഥാനത്തുള്ള 216 കേസുകളിൽ 202 ഉം സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരിലാണ്. ഇതിൽ 98 പ്രവാസികളും ബാക്കിയുള്ളവർ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നു വന്നവരുമാണ്. ആരോഗ്യ പ്രവർത്തകരടക്കം സമ്പർക്കത്തിലൂടെ നിലവിൽ രോഗം പകർന്നത് 14 പേർക്കുമാത്രമാണ്. ഇതാണ് ആശ്വാസത്തിനിട നൽകുന്നത്.
കണ്ടെയ്‍ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് കർശന നിയന്ത്രണവും മേൽനോട്ടവും തുടരുകയാണ്. മാസ്‌ക് ധരിക്കൽ, നിരീക്ഷണം, സാമൂഹിക അകലം എന്നിവയിൽ പാളിച്ച ഉണ്ടായാൽ എല്ലാം തകിടം മറിയുമെന്ന മുന്നറിയിപ്പ് സർക്കാർ ആവർത്തിക്കുന്നു. കേസുകൾ കൂടുന്നതിൽ അല്ല, ജാഗ്രത പാളുന്നതിൽ ആണ് ആശങ്ക വേണ്ടതെന്ന് ആരോഗ്യ വിദഗ്‍ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
അതസമയം തിരിച്ചുവരുന്നവരുടെ എണ്ണം കൂടുന്നതിന്റെ ഭാഗമായി പരിശോധനകൾ കൂട്ടാനൊരുങ്ങുകയാണ് സംസ്ഥാനം.അടുത്തയാഴ്ച 3000 സാമ്പിളുകൾ സാധാരണ ജനങ്ങളിൽ നിന്ന് ശേഖരിച്ച് പരിശോധിക്കും. രോഗലക്ഷണങ്ങൾ ഉളളവർക്കായുളള വ്യക്തിഗത പരിശോധനകൾക്ക് പുറമേ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും കൂട്ടമായി സാമ്പിളുകള്‍ എടുത്ത് പരിശോധനകൾ നടക്കുന്നുണ്ട്.