br

ബ്രസീൽ: കൊവിഡ് ഓരോ രാജ്യത്തേയും കയറിപ്പിടിക്കുകയാണ്. ആശ്വസിച്ചിരുന്ന രാജ്യങ്ങൾ തെല്ല് ഭയത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. ബ്രസിലാണ് ഒടുവിൽ ഞെട്ടിയിരിക്കുന്നത്. ഇവിടെ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 3,30,890 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 21,048പേർ മരിച്ചു.ഇതോടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ബ്രസീൽ ലോകത്ത് രണ്ടാംസ്ഥാനത്താണ്. രണ്ടാം സ്ഥാനത്തായിരുന്ന റഷ്യ മൂന്നാം സ്ഥാനത്തേക്ക് പോയി. റഷ്യയിൽ 3.26 ലക്ഷം രോഗികളാണുള്ളത്.

ബ്രസീലിൽ 24 മണിക്കൂറിനിടെ 1,001 പേരാണ് മരിച്ചത്. ബ്രസീലിൽ ഇത് മൂന്നാംതവണാണ് ഒരു ദിവസം മരണം ആയിരം കടക്കുന്നത്. ഈ കണക്ക് ശരിയല്ലെന്നും രോഗികളുടെയും മരണപ്പെട്ടവരുടെയും എണ്ണം ഇതിനേക്കാൾ ഏറെയാണെന്നുമാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.

അതേസമയം, അമേരിക്കയെ കൊവിഡ് പിടിച്ച് ഉലയ്ക്കുകയാണ്. ഏറ്റവും കൂടുതൽ രോഗികൾ ഇവിടെയാണ്. ദിവസങ്ങൾ കഴിയും തോറും രോഗബാധിതരുടെ എണ്ണം പെരുകുന്നു. ലാറ്റിനമേരിക്ക കൊവിഡിന്റെ പുതിയ പകർച്ചവ്യാധി കേന്ദ്രമാവുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിയിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. യു.എസിൽ രോഗബാധിതരുടെ എണ്ണം 16.45 ലക്ഷം ആയി. 97,647 പേർ മരിച്ചു. കൊവിഡിന്റെ ആദ്യഘട്ടത്തിൽ ഒരു മുൻകരുതലും നടത്താതിരുന്നതാണ് അമേരിക്കയ്ക്ക് അടിയായത്. ബ്രിട്ടനിൽ രോഗബാധിതർ 2.54 ലക്ഷമാണ്. സ്‌പെയിനിൽ 2.81 ലക്ഷം, ഇറ്റലിയിൽ 2.29 ലക്ഷവും ഫ്രാൻസിൽ 1.82 ലക്ഷവും ആണ് രോഗബാധിതർ.