covid-china

ബ്രജിംഗ്: അഹങ്കാരത്തിന്റെ ചിറക് വച്ച് പറക്കുകയാണ് ചൈന. കൊവിഡിനുത്തരവാദിയായ ചൈന ലോകരാജ്യങ്ങൾക്ക് മുന്നിൽ നല്ല പിള്ള ചമഞ്ഞ് മറ്റുള്ളവരെ പറ്റിക്കാനൊരുങ്ങുകയാണ്. കൊവിഡ് കെട്ടടങ്ങി എന്ന് ലോകത്താേട് വിളിച്ചു പറഞ്ഞ ചൈനയിൽ വീണ്ടും കൊവിഡ് തലപൊക്കിയതോടെ പത്തിമടക്കി മിണ്ടാതിരിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും ഞെളിഞ്ഞ് വന്നിരിക്കുന്നു. ഇന്നലെ ഒരു രോഗി പോലും പുതുതായി ഉണ്ടായില്ല എന്ന വീമ്പിളക്കലോടെ. അത് ശരിയാേണോ?

കൊവിഡ് പോരാട്ടത്തിലെ വലിയൊരു നാഴികകല്ലെന്നാണ് ചൈന ഇതിനെ വിശേഷിപ്പിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വുഹാനിൽ വീണ്ടും കൊവിഡ് കേസുകൾ വർദ്ധിച്ചിരുന്നു. ഒരു കോടി ജനങ്ങളിൽ കൊവിഡ് പരിശോധന നടത്തുമെന്ന് വുഹാനിലെ ഭരണകൂടം അറിയിച്ചിരുന്നു. ഒരു പരിശോധനയും നടന്നില്ല. എന്നാൽ ഒരു കേസ് പോലും പുതുതായി റിപ്പോർട്ട് ചെയ്യാത്തത് ആരോഗ്യപ്രവർത്തകർക്ക് ആത്മവിശ്വാസം പകരുന്നുവെന്നാണ് ചൈന പറയുന്നത്.

ചൈനീസ് ഭരണകൂടം ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം 82,971 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,726 പേർ മരിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്. നിലവിൽ രാജ്യത്ത് 71 രോഗികൾ മാത്രമാണ് ചികിത്സയിൽ കഴിയുന്നതെന്നാണ് റിപ്പോർട്ട്. കൊവിഡിന്റെ പ്രഭവകേന്ദ്രം കണ്ടെത്തുന്നതിന് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഇന്ത്യ അടക്കമുള്ള 61 രാജ്യങ്ങൾ രംഗത്തെത്തിയത് ചൈനയെ വിഷമത്തിലാക്കുന്നു.

വുഹാനിലെ വൈറസ് ലാബിൽ നിന്നാണ് കൊവിഡ് മനുഷ്യരിലേക്ക് പടർന്നതെന്നാണ് അമേരിക്ക ആരോപിക്കുന്നത്. എന്നാൽ, തങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണത്തിനാണ് ട്രംപ് ശ്രമിക്കുന്നതെന്നായിരുന്നു ചൈന ഇതിന് മറുപടി നൽകിയത്.