dam

തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷർട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നത് വിവാദമാകുന്നു. നടപടിക്കെതിരെ തിരുവനന്തപുരം മേയറും രംഗത്തെത്തിയിട്ടുണ്ട്. വേണ്ടത്ര ആലോചനയില്ലാതെയാണ് ഷർട്ടർ തുറന്നതെന്നാണ് മേയർ പറയുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും കുടുതൽ മഴ പുലർച്ചെ പെയ്തതിനാലാണ് മുന്നറിയിപ്പ് നൽകാതെ തുറന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. അതേസമയം തലസ്ഥാനനനഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായത് കിള്ളിയാർ കരകവിഞ്ഞൊഴുകിയത് കൊണ്ടാണെന്നും ഇതിന് അരുവിക്കര ഡാം തുറന്നതുമായി ബന്ധമില്ലെന്നുമാണ് ജലഅതോറിറ്റി പറയുന്നത്.

പുലർച്ചെ രണ്ട് മണിക്ക് പെയ്ത് ശക്തമായ മഴയെ തുടർന്നാണ് അരുവിക്കര ഡാം നിറഞ്ഞത്. അപ്രതീക്ഷിതമായാണ് ശക്തമായ മഴ ഉണ്ടായത്. മഴ പെയ്തപ്പോൾ തന്നെ ദുരന്തനിവാരണ അതോറിറ്റിയേയും ജില്ലാ ഭരണകൂടത്തെയും അറിയിച്ച ശേഷമാണ് അഞ്ച് ഷട്ടറുകൾ തുറന്നതെന്നാണ് ജല അതോറിറ്റി പറയുന്നത്. രണ്ട് മണിക്കും നാലു മണിക്കുമിടയിൽ ഓരോ ഷട്ടറും നടപടിക്രമം പാലിച്ചാണ് തുറന്നതെന്നാണ് വിശദീകരണം. എന്നാൽ തുറക്കുന്നതിന് മുൻപ് ജില്ലാ ഭരണകൂടം മുന്നറിപ്പ് നൽകിയിരുന്നില്ല.