oil-production-

കുവൈറ്റ്: ലോകത്ത് എണ്ണയുടെ ഉപയോഗം കുറഞ്ഞതോടെ കുവൈറ്റും സൗദിയും വെട്ടിലായി. എണ്ണയ്ക്ക് ആവശ്യക്കാരില്ലെങ്കിൽ ഖനനം ചെയ്തിട്ട് എന്തു കാര്യം. ഇരുരാജ്യങ്ങളും തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി. ഒടുവിൽ അവർ ഒരു തീരുമാനത്തിലെത്തി ഖനനം നിറുത്തിവയ്ക്കാം. ലോക്ക്ഡൗൺ തീർന്ന് പഴയതുപോലെ ആവശ്യക്കാർ വരുമ്പോൾ തുടങ്ങാം.

പുതിയ തീരുമാനം അങ്ങനെയായതോടെ കുവൈറ്റിന്റെയും സൗദിയുടെയും അതിർത്തിയായ ന്യൂട്രൽ സോണിൽ എണ്ണഖനനം നിറുത്തിവയ്ക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സൗദിയിലെ ഖഫ്ജി, കുവൈറ്റിലെ വഫ്റ എണ്ണപ്പാടങ്ങൾ ഉൾപ്പെടുന്ന അതിർത്തി പ്രദേശത്തെ ന്യൂട്രൽ സോണിൽ സംയുക്ത എണ്ണ ഖനനം പുനരാരംഭിച്ചത്. നാല് വർഷമായി ഖനനം നിറുത്തിവച്ചിരുന്നു. ഏപ്രിലിൽ പെട്രോളിയം കയറ്റുമതിയും ആരംഭിച്ചു. അപ്പോഴേക്കും കൊവിഡും ലോക്ക്ഡൗണുമായി. അതോടെ എണ്ണവില കൂപ്പുകുത്തി.

5770 ചതുരശ്ര കലോമീറ്ററാണ് ന്യൂട്രൽ സോൺ. 1922ൽ ഉഖൈർ കൺവെൻഷനിൽ അതിർത്തി നിർണയിച്ചപ്പോൾ ഈ ഭാഗം അതുപോലെ നിറുത്തുകയായിരുന്നു. പ്രതിദിനം അഞ്ചുലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഇവിടത്തെ റിഫൈനറി.