തിരുവനന്തപുരം: ലോഡ് ടെസ്റ്റിൽ തുടർച്ചയായി പരാജയപ്പെടുന്നതിനാൽ ബെവ് ക്യൂ ആപ്പിന്റെ ഗൂഗിൾ അനുമതി നീളുന്നു. ഇക്കാരണത്താൽ മദ്യവില്പനശാലകൾ എന്നു തുറക്കാനാകുമെന്ന കാര്യത്തിലും വ്യക്തതയില്ല. തിങ്കളാഴ്ചയാണ് ആപ്പ് പ്ലേ സ്റ്റോറിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള അനുമതി തേടി ഗൂഗിളിനെ സമീപിച്ചത്. അനുമതി ഉടൻ കിട്ടുമെന്നും അനുമതികിട്ടിയാൽ പിറ്റേന്ന്പരീക്ഷണ പ്രവർത്തനങ്ങൾ നടത്തുമെന്നും തൊട്ടടുത്ത ദിവസം മുതൽ മദ്യവിതരണം തുടങ്ങുമെന്നുമാണ് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്. അതിനിടെ ആപ്പിന്റെ പേരും പുറത്തായി.
അധികൃതർ പറഞ്ഞതൊന്നും നടന്നില്ല സെക്യൂരിറ്റി ,ലോഡ് ടെസ്റ്റുകളിൽ തുടർച്ചയായി പരാജയപ്പെടുന്നതാണ് ആപ്പിന് ഗൂഗിൾ അനുമതി ലഭിക്കാത്തതിനു പ്രധാന കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യങ്ങളിൽ ആപ്പ് നിർമ്മിച്ച ഫെയർ കോഡ് കമ്പനിയോട് ഗൂഗിൾ വ്യക്തത തേടിയിരുന്നു. കഴിഞ്ഞ ദിവസം കമ്പനി മറുപടി നൽകിയെങ്കിലും അനുമതി ലഭിച്ചില്ല.
പത്തു ലക്ഷത്തിലേറെ പേർ എത്തിയാൽ ക്രമീകരണമേർപ്പെടുത്താനുള്ള ശേഷി ഇതുവരെയും കമ്പനി തെളിയിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. മാത്രമല്ല ഡാറ്റ സുരക്ഷിതത്വ മടക്കമുള്ള കാര്യങ്ങളിലും വ്യക്തതയില്ല. ഇക്കാര്യങ്ങളാലാണ് അനുമതി നീളുന്നത്.