തിരുവനന്തപുരം- ലോക്ക് ഡൗണിനെ തുടർന്ന് അടച്ചുപൂട്ടിയ ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനത്തിന് ലോക്ക് ഡൗൺ ഇളവ് അനുവദിച്ചിട്ടും പ്രവർത്തന അനുമതി നൽകാത്തത് സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ ഉടമകളെയും ജീവനക്കാരെയും ദുരിതത്തിലാക്കുന്നു. ലോക്ക് ഡൗണിന്റെ പേരിൽ സമസ്ത തൊഴിൽമേഖലകളിലും സർക്കാർ സഹായവും ആശ്വാസ നടപടികളും ഉണ്ടായെങ്കിലും ലക്ഷകണക്കിനാളുകളുടെ ഉപജീവനോപാധിയായ ഡ്രൈവിംഗ് സ്കൂളുകൾക്ക് മാത്രം സർക്കാരിൽ നിന്ന് യാതൊരു സഹായവും ലഭിച്ചില്ല. കൊവിഡിനെ തുടർന്ന് ഡ്രൈവിംഗ് പരിശീലനം നിലച്ചതോടെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്ക് സർക്കാർ സഹായമുണ്ടാകാത്ത പക്ഷം അടച്ചുപൂട്ടലിന്റെ വക്കിലാണ് സ്ഥാപനങ്ങൾ.
പലരും വായ്‌പയെടുത്തും സ്വർണ്ണം പണയം വച്ചും പലിശയ്‌ക്ക് കടവുമെടുത്താണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത്. വരുമാനം നിലച്ചതോടെ വായ്‌പാ തിരിച്ചടവുകളെല്ലാം മുടങ്ങി. വേനലവധി കാലത്ത് കൂടുതൽ പേർ ഡ്രൈവിംഗ് പഠിക്കാനെത്തുന്നത് ഈ മേഖലയ്‌ക്ക് ഗുണം ചെയ്‌തിരുന്നു. എന്നാൽ കൊവിഡ് ആയതിനാൽ ഈ സീസണും നഷ്‌ടമായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം ഡ്രൈവിംഗ് സ്‌കൂളുകളും അരലക്ഷത്തോളം ജീവനക്കാരും പണിയെടുക്കുന്നുണ്ട്. പലയിടത്തും ഉടമതന്നെയാണ് തൊഴിലാളി. മാർച്ച് 10നാണ് അവസാനമായി ഡ്രൈവിംഗ് ടെസ്‌റ്റ് നടന്നത്. അതിന് ശേഷം ലേണേഴ്‌സ് ടെസ്‌റ്റ് അടക്കം നടന്നിട്ടില്ല. ആർ.ടി.ഒ ഓഫീസുകളിലായി ലേണേഴ്‌സ് കഴിഞ്ഞവർക്കായി കാൽലക്ഷത്തോളം ഡ്രൈവിംഗ് ടെസ്‌റ്റ് നടത്താനുമുണ്ട്. രണ്ട് മാസമായി മഴയും വെയിലുമേറ്റ് പരിശീലനം നടത്തുന്ന ഇരുചക്രവാഹനങ്ങൾ ഗ്രൗണ്ടുകളിൽ കൂട്ടമായി കിടക്കുകയാണ്. ഇനി അത് നന്നാക്കാതെ ഓടിക്കാൻ പറ്റില്ല. മേഖലയെ തൊഴിൽ മേഖലയായി കാണാൻ നടപടി ഉണ്ടായെങ്കിൽ മാത്രമേ മോട്ടോർ ഡ്രൈവിംഗ് പരിശീലന രംഗത്തെ പ്രശ്നങ്ങൾക്ക് താൽകാലിക പരിഹാരം ഉണ്ടാകൂ. സർക്കാർ ക്ഷേമനിധികളില്ലാത്തതിനാൽ യാതൊരുവിധ ആനുകൂല്യങ്ങളും തങ്ങൾക്ക് ലഭ്യമാകുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടും ഡ്രൈവിംഗ് സ്കൂളുകളുടെ നടത്തിപ്പ് കാര്യത്തിൽ സർക്കാർ പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല. കാലവർഷത്തിന് ആഴ്ചകൾ മാത്രം അവശേഷിക്കെ ഡ്രൈവിംഗ് ടെസ്റ്റുകളെ ഉൾപ്പെടെ വെള്ളപ്പൊക്കവും മറ്റ് കെടുതികളുമാണ് വരാനിരിക്കുന്ന മറ്റൊരു പ്രതിസന്ധി. ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ഓൾ കേരള ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ ഇളവുകളിൽ ഡ്രൈവിംഗ് സ്‌കൂളുകളെയും പരിഗണിക്കണം. നാലായിരത്തോളം ഡ്രൈവിംഗ് സ്‌കൂളുകളിലെ ജീവനക്കാരുടെ ജീവിതമാർഗ്ഗമാണ് തടസ്സപ്പെട്ടത്. മോട്ടോർവാഹന വകുപ്പിന്റെ ലേണേഴ്‌സ്, ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കണമെന്നും യൂണിയൻ ജനറൽ സെക്രട്ടറി സി.ടി.അനിൽ ആവശ്യപ്പെട്ടു..