road
. മണ്ണിടിഞ്ഞു വീണ് ഗതാഗതം നിലച്ച കുടപ്പനമൂട്- കൂട്ടപ്പൂ റോഡ്.

പാറശാല: കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ പാറശാല മേഖലയിൽ വ്യാപക കൃഷിനാശം.വ്യാഴാഴ്ച ഉച്ചമുതൽ ഇന്നലെ രാവിലെവരെ മലയോരപ്രദേശങ്ങളിൽ പെയ്ത മഴയിൽ ഗ്രാമീണ റോഡുകൾ തകർന്നു. മരങ്ങൾ കടപുഴകി വൈദ്യുതി ബന്ധങ്ങളും തകരാറിലായി. വാഴ, മരച്ചീനി കൃഷികൾ കാറ്റിലും വെള്ളക്കെട്ടിലും നശിച്ചു.കളത്തറ പാടശേഖരത്തെ നെൽവയലുകൾ മുങ്ങി .പച്ചക്കറി കൃഷിയും വ്യാപകമായി നശിച്ചു. വെള്ളറട ചൂണ്ടിക്കൽ, ആര്യൻകോട്, പശുവെണ്ണറ, കണ്ണക്കോട്, പാലിയോട്, ചെമ്പൂർ, കരിക്കാമൻകോട്, ആനാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ വൻതോതിൽ കൃഷിനാശമുണ്ടായി.

50 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്ന ആര്യങ്കോട് അമരവിള, മൈലച്ചൽ കരിക്കറത്തല, കുടയാൽ നിലമാമൂട് തുടങ്ങിയ റോഡുകൾ പൂർണ്ണമായും തകർന്ന അവസ്ഥയിലായി. കുടപ്പനമൂട് - കൂട്ടപ്പൂ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതതടസമുണ്ടായി. പലയിടങ്ങളിലും വൈദ്യുത ബന്ധവും തകരാറിലാണ്. ചൂണ്ടിക്കലിലെ റബർ പുരയിടവും വീടും വെള്ളത്തിൽ മുങ്ങി. റവന്യൂ ഉദ്യോഗസ്ഥർ‌ സ്ഥലത്തെത്തി നാശനഷ്ടങ്ങളുടെ തോത് തിട്ടപ്പെടുത്തിവരികയാണ്. പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.