flight-

ന്യൂഡൽഹി: ഗൾഫിൽ കുടുങ്ങിയ മലയാളികളെ കൊണ്ടുവരുന്നതിനായി കേന്ദ്രസർക്കാർ ഈ മാസം 26 നും 27നും ഒൻപത് വിമാന സർവീസുകൾ നടത്തും. ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നാണ് സർവീസുകൾ. 26ന് ഉച്ചയ്ക്ക് 12.50ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിലേയ്ക്കാണ് ആദ്യത്തെ വിമാനം. ഉച്ചയ്ക്ക് 1.20ന് അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കും ഉച്ചയ്ക്ക് 1.50ന് ദുബായിൽ നിന്ന് കൊച്ചിയിലേക്കും ഉച്ചയ്ക്കു ശേഷം 3.20ന് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്കും വിമാനങ്ങൾ സർവീസ് നടത്തും.

ഈ സമയത്ത് തന്നെ ദുബായിൽ നിന്ന് കോഴിക്കോട്ടേക്കും വൈകിട്ട് 5.20ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കും അബുദാബിയിൽ നിന്ന് കണ്ണൂരിലേക്കും വിമാന സർവീസ് ഉണ്ടാകും. 27ന് ഉച്ചയ്ക്ക് 12.20ന് അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കും ഉച്ചയ്ക്ക് 1.50ന് അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങളുണ്ടാകും.

ഗർഭിണികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, പ്രായമായവർ, പലവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർ എന്നിവരായിരിക്കും യാത്രക്കാർ. രജിസ്റ്റർ ചെയ്തവരിൽ നിന്ന് യാത്രക്കായി തിരഞ്ഞെടുത്തവരെ ഇന്ത്യൻ എംബസി, ഇന്ത്യൻ കോൺസലേറ്റ് എന്നിവിടങ്ങളിൽ നിന്ന് യാത്രാവിവരം അറിയിക്കും.