തിരുവനന്തപുരം: ലോക്ക് ഡൗണിൽ അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കാൻ പൊലീസുമായി ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ ആപ്പ് പുറത്തിറക്കി. ഇൻവെന്റ് ലാബ്‌സ് ഇന്നൊവേഷൻസ് എന്ന സ്റ്റാർട്ടപ്പാണ് ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ ‘ഷോപ്‌സ് ആപ്പ്' പുറത്തിറക്കിയത്. കേരള പൊലീസ് സൈബർഡോമിന്റെ സഹകരണത്തോടെ എല്ലാ വ്യാപാരസ്ഥാപനങ്ങൾക്കും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനാകുന്ന തരത്തിലാണ് ‘ഷോപ്‌സ് ആപ്പിന്' രൂപംനൽകിയത്. വിതരണക്കാരായി തൊഴിൽ നേടാനും ആപ്പിൽ സൗകര്യമുണ്ട്. സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും മൊത്ത, ചെറുകിട വ്യാപാരികൾക്കുമൊപ്പം വ്യക്തിഗത ഉത്പാദകർക്കും പ്ലാറ്റ്ഫോമിലൂടെ ഉത്പന്നങ്ങൾ വിൽക്കാം. ലോക്ക്‌ഡൗണിനു ശേഷവും സംവിധാനം തുടരും.
ഉപഭോക്താക്കൾക്ക് ഫോൺ നമ്പർ ആപ്ലിക്കേഷനിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. ഉപഭോക്താവ് സ്ഥലം തിരഞ്ഞെടുക്കുമ്പോൾ അതത് പ്രദേശത്തെ കടകളുടെ വിവരം ലിസ്റ്റ് ചെയ്യും. തുടർന്ന്, സാധനങ്ങൾ ഓർഡർ ചെയ്യാം. കാന്റീനുകളെ ഡിജിറ്റൽവത്കരിക്കാൻ കേരള പൊലീസും ഷോപ്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ട്. വിശദവിവരങ്ങൾക്ക് www.shopsapp.org.