ന്യൂഡൽഹി: കൊവിഡ് പടർന്ന് പിടിക്കുമ്പോൾ വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ് ആരോഗ്യ പ്രവർത്തകർ.രാജ്യത്ത് 28 ലക്ഷത്തിലധികം കൊവിഡ് പരിശോധനകളാണ് നടത്തിയത്. മേയ് 23ന് രാവിലെ വരെ 28,34,798 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനുള്ളിൽ 1,15,364 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു.
കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷം കടന്നു. 1,25,101 പേർക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 6,654 പേർക്ക് രോഗം സ്ഥിരീകരിച്ചു. 137 പേർ മരിച്ചു. രാജ്യത്തെ മരണ സംഖ്യ 3,720 ആയി ഉയർന്നു.
മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച മാത്രം 2,940 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 44,582 ആയി. ഇവിടെ 1,517 പേർ മരിച്ചു.
മഹാരാഷ്ട്രയ്ക്ക് തൊട്ടു പിന്നിൽ നിൽക്കുന്ന സംസ്ഥാനം തമിഴ്നാട് ആണ്. 14,753 കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. 98 പേർ മരിച്ചു. ഗുജറാത്തിൽ 13,268 പേർക്കാണ് രോഗം ബാധിച്ചത്.