മാഹി: കണ്ണൂരിൽ മരിച്ച മാഹി സ്വദേശി മെഹ്റൂഫിനെ കൊവിഡ് മൂലം കേരളത്തിൽ മരിച്ചവരുടെ ലിസ്റ്റിൽ ഉൾപെടുത്തണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി ആവശ്യപ്പെട്ടു.
മെഹ്റൂഫിനെ കേരളത്തിന്റെ ലിസ്റ്റിൽ ഉൾപെടുത്തണമെന്ന കേന്ദ്ര നിർദ്ദേശം പാലിക്കാൻ കേരളത്തിന് ബാധ്യതയുണ്ട്, ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് തീരുമാനം എടുക്കണം.വിവാദങ്ങൾക്ക് താൽപ്പര്യമില്ല .എന്നാൽ കേന്ദ്രനിർദേശം അനുസരിച്ചേ പുതുച്ചേരിക്കും പ്രവർത്തിക്കാനാവു -നാരായണസ്വാമി പറഞ്ഞു.
കൊവിഡ് രോഗം സ്ഥിരീകരിച്ചതും മരിച്ചതും എവിടെയാണോ അവിടത്തെ ലിസ്റ്റിൽ മരിച്ചയാളെ ഉൾപെടുത്തണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം . എന്നാൽ മെഹ്റൂഫ് മരിച്ചത് കേരളത്തിലാണെങ്കിലും മാഹി സ്വദേശിയായതിനാൽ പുതുച്ചേരിയുടെ കണക്കിൽ വരേണ്ടതാണെന്നാണ് കേരള സർക്കാർ പറയുന്നത്. ഏപ്രിൽ പതിനൊന്നിന് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ മരിച്ച മെഹ്റൂഫിന്‍റെ മൃതദേഹം കൊവിഡ് ഭീതിയിൽ നാട്ടിലേക്ക് കൊണ്ടുപോയില്ല. മെഡിക്കൽ കോളേജിന് തൊട്ടടുത്ത് പരിയാരം കോരൻ പീടിക ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് സംസ്‍കരിച്ചത്.