pic

കണ്ണൂർ: മുംബയിൽ നിന്നുള്ള ശ്രമിക് ട്രെയിനിൽ കണ്ണൂരിൽ എത്തുന്നവരെ പരിശോധിക്കാനുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. തിരുവനന്തപുരത്തേക്കുള്ള ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ് അനുവച്ചത് ജില്ല ഭരണകൂടം ഏറെ വൈകിയാണ് അറിഞ്ഞത്.വിവരമറിഞ്ഞതോടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ അടിയന്തിര ഒരുക്കങ്ങൾ ആരംഭിക്കുകയായിരുന്നു.ഇതര ജില്ലക്കാരായ യാത്രക്കാരെ എത്തിക്കുന്നതിനായി 15 കെ. എസ്. ആർ .ടി .സി ബസുകൾ ഏർപ്പെടുത്തി. മുന്നൂറു പേർ കണ്ണൂരിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ.യാത്രക്കാരെ ക്വാറന്റീന് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തി. ആരോഗ്യ പരിശോധനയ്ക്കുള്ള പ്രത്യകേ മെഡിക്കൽ സംഘവും സ്റ്റേഷനിലെത്തിയിട്ടുണ്ട്.

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആവശ്യമനുസരിച്ച് മഹാരാഷ്ട്ര സർക്കാരാണ് ലോകമാന്യതിലക് റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ട്രെയിൻ ഏർപ്പെടുത്തിയത്. തിരുവനന്തപുരത്തിന് പുറമെ രണ്ടു ടെക്ക്നിക്കൽ സ്റ്റോപ്പുകൾ മാത്രമായിരുന്നു യാത്ര പുറപ്പെടുമ്പോൾ ഈ വണ്ടിക്ക് അനുവദിച്ചിരുന്നത്. എന്നാൽ ട്രെയിൻ മുംബയിൽ നിന്ന് പുറപ്പെട്ട ശേഷം യാത്രക്കാർ നേരിട്ട് തിരുവനന്തപുരത്തെ കൊവിഡ് വാർ റൂമുമായി ബന്ധപ്പെട്ടാണ് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിപ്പിച്ചത്.