ഇടതു സർക്കാരിന്റെ നാലാം വാർഷിക വേളയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായി അഭിമുഖം
ചോദ്യം: പിണറായി സർക്കാർ എങ്ങനെ ?
# സാമ്പത്തികരംഗം പാടേ തകർന്നു.വലിയകടക്കെണിയിലായി. പുതിയ ധനാഗമമാർഗങ്ങൾ കണ്ടെത്തുന്നതിൽ പൂർണപരാജയം. ഒരു രൂപയുടെപോലും നിക്ഷേപം കൊണ്ടുവന്നില്ല. വ്യാവസായിക രംഗം സമ്പൂർണ തകർച്ചയിൽ. തൊഴിലില്ലായ്മ അതിരൂക്ഷം. വികസനരംഗത്തും പ്രതിസന്ധി. കേന്ദ്രസർക്കാർ കടപരിധിയും നികുതിവിഹിതവും ഉയർത്തിയതുകൊണ്ടുമാത്രം ട്രഷറി അടയ്ക്കാതെ പിടിച്ചുനിൽക്കുന്നു. വളർച്ചാനിരക്കിൽ ഏറ്റവും പിന്നിൽ.പുതിയ മാർഗങ്ങൾ തേടിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ല. കേന്ദ്രപദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നില്ല. തയാറെടുപ്പില്ലാത്തതിനാൽ പദ്ധതികൾ നഷ്ടപ്പെടുന്നു. പോസിറ്റീവ് സമീപനമില്ല. നബാർഡ് കഴിഞ്ഞാഴ്ച അനുവദിച്ച 2500കോടി പോലും കേരളബാങ്ക് സ്വന്തം കാര്യത്തിന് വകമാറ്റി.
ദുരന്തവേളയിൽ ബി.ജെ.പിയുടെ ക്രിയാത്മക ഇടപെടൽ ?
# യു.ഡി.എഫിനെ പോലെയല്ല. രാഷ്ട്രീയമായി എതിർപ്പുള്ളപ്പോഴും സർക്കാരുമായി സഹകരിക്കുന്നുണ്ട്. ലോക്ക് ഡൗൺകാലത്ത് ഊർജ്ജസ്വലമായി സന്നദ്ധപ്രവർത്തനം നടത്തിയതിന് എല്ലാവരും ബി.ജെ.പിയെ പ്രശംസിച്ചിട്ടുണ്ട്. ദുരിതകാലത്ത് ജനങ്ങളെ സേവിക്കുന്നതാണ് മുഖ്യം. കേന്ദ്രം ഫലപ്രദമായി ഇടപെട്ടതിനാലാണ് കൊവിഡ് ദുരന്തത്തെ രാജ്യത്ത് ഇത്രയെങ്കിലും നിയന്ത്രിക്കാനായത്.കേന്ദ്രവുമായി ബന്ധപ്പെട്ട് കേരളം പലതും ചെയ്തിട്ടുണ്ട്. ദുരന്തകാലത്ത് ചെയ്യേണ്ട പലതും ചെയ്തിട്ടില്ലെന്ന് പറയുന്നില്ല. സ്പ്രിൻക്ലർ ഇടപാടിലെ ക്രമക്കേടും കൊവിഡ് കാലത്തെ ധൂർത്തും ശക്തമായി ഉന്നയിച്ചിട്ടുണ്ട്.
നിയമസഭയിൽ അക്കൗണ്ട് തുറക്കാനായെങ്കിലും പിന്നീട് ഗ്രാഫ് താഴേക്കാണല്ലോ?
# ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചെറിയ വോട്ട് വ്യത്യാസമുണ്ടായെന്നത് ശരിയാണ്. എന്നാലും ബി.ജെ.പി ശക്തമായ നിലയിലാണ്. 16ശതമാനം വോട്ട് നേടുന്ന പ്രസ്ഥാനമായി വളർന്നിട്ടുണ്ട്. തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സംഘടനാപരമായും രാഷ്ട്രീയമായും ശക്തമായി തിരിച്ചുവരും.
? ശബരിമല യുവതീപ്രവേശന വിവാദത്തിലടക്കം സമരമുഖം തീർത്തിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലല്ലോ?
# അന്ന് എൽ.ഡി.എഫിനെ തോല്പിക്കണമെന്ന വാശി ജനത്തിനുണ്ടായിരുന്നു. ബി.ജെ.പിക്ക് വോട്ട് ചെയ്താൽ അത് സാധ്യമല്ലെന്ന് കരുതിക്കാണും. ലോക്‌സഭയിലേത് പ്രത്യേക സാഹചര്യമായിരുന്നു. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്നും കോൺഗ്രസ് അധികാരത്തിലെത്തുമെന്നുമുള്ള പ്രചാരണം മതന്യൂനപക്ഷ ഏകീകരണത്തിനിടയാക്കി.അത് യു.ഡി.എഫിനാണ് അനുകൂലമായി വന്നത്. ഭൂരിപക്ഷ സമുദായത്തിനും എൽ.ഡി.എഫിനെ തോല്പിക്കണമെന്ന അദമ്യമായ ആഗ്രഹമുണ്ടായിരുന്നു.
? ഉപതിരഞ്ഞെടുപ്പുകളിലും തിരിച്ചടിയാണല്ലോ?
ഉപതിരഞ്ഞെടുപ്പുകൾ പൊതുവായ ദിശാസൂചകമായി കാണാനാവില്ല. അത് എല്ലാക്കാലത്തും അങ്ങനെയാണ്.
തിരഞ്ഞെടുപ്പ് വർഷത്തിൽ പുതിയ റോൾ?
# നാലുവർഷത്തെ സർക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടും.ഒപ്പം നാടിനെ രക്ഷപ്പെടുത്താനുള്ള ബദൽമാർഗങ്ങൾ ആവിഷ്കരിച്ച് നീങ്ങും. ലക്ഷക്കണക്കിനാളുകൾ വിദേശത്ത് നിന്നും മറ്റും തിരിച്ചെത്തുകയാണ്. ഇവരെ എങ്ങനെ ഉൾക്കൊള്ളണമെന്നതിൽ സർക്കാരിന് വ്യക്തതയില്ല. കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങൾ പരമാവധി ജനങ്ങളിലേക്കെത്തിക്കാൻ ബി.ജെ.പി ശക്തമായ ഇടപെടൽ നടത്തും.